ന്യൂഡല്‍ഹി: ഗുജറാത്ത് കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരേ ബില്‍ക്കിസ് ബാനു നല്കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന് അനുമതി നല്കിയ കഴിഞ്ഞ മെയിലെ സുപ്രിംകോടതി വിധി പുനപ്പരിശോധിക്കണം എന്നാണ് ബില്‍ക്കീസ് ബാനുവിന്റെ ആവശ്യം.
ഉച്ചയ്ക്ക് ചേംബറിനുള്ളിലാകും ഹരജി പരിഗണിക്കുക. ജസ്റ്റിസ് അജയ് റസ്തോഗിയുടെ ബെഞ്ചാണ് നേരത്തെ ശിക്ഷാ ഇളവിനുള്ള അപേക്ഷ പരിഗണിക്കാന്‍ നിര്‍ദേശിച്ചത്.
2002 മാര്‍ച്ച് മൂന്നിന് ഗുജറാത്തിലെ ദഹോദ് ജില്ലയിലുണ്ടായ വര്‍ഗീയ ആക്രമണത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. അന്ന് ആറുമാസം ഗര്‍ഭിണിയായിരുന്നു ബില്‍ക്കിസ് ബാനു. ഗര്‍ഭസ്ഥ ശിശുവും ബാനുവിന്റെ കുടുംബത്തിലെ മറ്റ് ആറുപേരും അന്ന് കൊല്ലപ്പെട്ടിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷ ഇളവ് ചെയ്യാന്‍ തീരുമാനിച്ചതോടെ കേസിലെ 11 പ്രതികളാണ് ജയില്‍ മോചിതരായി പുറത്തിറങ്ങിയത്. ആഗസ്ത് 15നാണ് ഇവര്‍ ഗോധ്ര സബ് ജയിലില്‍ നിന്നും മോചിതരായത്.

