ഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മ രാജ്യത്തോടാകെ മാപ്പ് പറയണമെന്ന് സുപ്രീംകോടതി.
പാര്‍ട്ടി വക്താവ് എന്നുള്ളത് എന്തും വിളിച്ചുപറയാനുള്ള ലൈസന്‍സല്ലെന്ന് പറഞ്ഞ കോടതി, നൂപുര്‍ ശര്‍മയുടെ പരാമര്‍ശം രാജ്യത്ത് കലാപം സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടി. തനിക്കെതിരെയുള്ള എല്ലാ എഫ്.ഐ.ആറുകളും ഡല്‍ഹിയിലേക്ക് മാറ്റണമെന്ന നൂപുര്‍ ശര്‍മ്മയുടെ ഹരജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം.
‘ചാനല്‍ ചര്‍ച്ചയില്‍ നൂപുര്‍ ശര്‍മ എങ്ങനെയാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് ഞങ്ങള്‍ കണ്ടതാണ്. ഇതെല്ലാം പറഞ്ഞിട്ടും പിന്നീട് അവര്‍ താനൊരു അഭിഭാഷകയാണെന്ന് പറയുന്നത് അപമാനകരമാണ്. രാജ്യത്തോട് മുഴുവനും അവര്‍ മാപ്പുപറയേണ്ടിയിരിക്കുന്നു’ -ജസ്റ്റിസ് സൂര്യകാന്ത മിശ്ര ചൂണ്ടിക്കാട്ടി.

