ദില്ലി: തിരഞ്ഞെടുപ്പില്‍ ബി ജെ പിയ്ക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്ത് സി പി എം പോളിറ്റ് ബ്യൂറോ യോഗം.
ബി ജെ പിക്കെതിരെ പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നീക്കങ്ങള്‍ ദേശീയ തലത്തില്‍ പുരോഗമിക്കുന്നതിനിടെയാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം യോഗത്തില്‍ ചര്‍ച്ചയായത്.
ജെ ഡി യു നേതാവ് നിതീഷ് കുമാര്‍, തെലങ്കാന മുഖ്യമന്ത്രിയും ടി ആര് എസ് നേതാവുമായ ചന്ദ്രശേഖര റാവു, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ ചേരിയെ ഒന്നിപ്പിച്ച് നിര്‍ത്താനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.
ബി ജെ പിയെ വീഴ്ത്താന്‍
ബി ജെ പിയെ വീഴ്ത്താന്‍ മതേതര ജനാധിപത്യ പാര്‍ട്ടികളുമായി സഹകരിക്കുന്നതില്‍ പ്രാധാന്യം നല്‍കണമെന്നതാണ് പോളിറ്റ് ബ്യൂറോയില്‍ ഉയര്‍ന്ന നിലപാട്. പ്രതിപക്ഷ ഐക്യം വേണമെന്ന നിലപാട് പി ബി യോഗത്തില്‍ ഉയര്‍ന്നെങ്കിലും ദേശീയ തലത്തില്‍ സഖ്യം ഉണ്ടാകില്ലെന്നതാണ് യോഗത്തില്‍ ചര്‍ച്ചയായത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ തന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമേ സഖ്യം സംബന്ധിച്ച തീരുമാനം കൈകൊള്ളാന്‍ സാധിക്കൂവെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

