കച്ച്: ഗുജറാത്തില്‍ കച്ചിലെ അബ്ഡാസയില്‍ ആപ് സ്ഥാനാര്‍ഥി വസന്ത് ഖേതാനി അവസാന നിമിഷം പിന്മാറി ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.
ദേശീയ താല്പര്യം മുന്‍നിര്‍ത്തി ബി.ജെ.പിക്ക് അനുകൂലമായി താന്‍ തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറുകയാണെന്നും ബി.ജെ.പിയില്‍ ചേരുകയാണെന്നും ആപ് സ്ഥാനാര്‍ഥി പ്രഖ്യാപിച്ചു.
ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ആപ് സ്ഥാനാര്‍ഥി മത്സര രംഗത്തുനിന്ന് പിന്മാറുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തേ സൂറത്ത് മണ്ഡലത്തിലെ ആപ് സ്ഥാനാര്‍ഥി കാഞ്ചന് ഭായ് ജാരിവാലയും പിന്മാറി ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അബ്ഡാസ പേമെന്റ് സീറ്റാണെന്ന പ്രചാരണത്തിനിടയില്‍ ആപ്പിനെയും പ്രവര്‍ത്തകരെയും ഒരുപോലെ നാണക്കേടിലാക്കിയാണ് സ്ഥാനാര്‍ഥിയുടെ നാടകീയ പിന്മാറ്റം.
മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ ആപ് സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയിരുന്ന ആപ് ന്യൂനപക്ഷ വിഭാഗം വൈസ് പ്രസിഡന്റ് കെ.കെ. അന്‍സാരിക്ക് പകരം പാര്‍ട്ടി നേതൃത്വം നേരിട്ടിറക്കിയ സ്ഥാനാര്‍ഥിയായിരുന്നു വസന്ത്.സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിന് അഞ്ചു മണിക്കൂര്‍ മുമ്ബാണ് രണ്ടു ക്രിമിനല്‍ കേസുകളുള്ള ഖേതാനി ‘ആപി’ല്‍ ചേര്‍ന്നത്.
ഒരു വര്‍ഷമായി മണ്ഡലത്തില്‍ പ്രചാരണം നടത്തിയ അന്‍സാരിക്ക് പകരമായിരുന്നു ഈ ‘ഇറക്കുമതി’. തുടര്‍ന്ന് സംസ്ഥാന ട്രഷറര്‍ എം.എം. ശൈഖിനൊപ്പം അന്‍സാരിയും അനുയായികളും കച്ചില്‍ ‘ആപി’ല്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ്.

