വയനാട്: വയനാട് മേപ്പാടിയില്‍ വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേപ്പാടി കുന്നമംഗലം വയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്.
പ്രതി രൂപേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയറില്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മുര്‍ഷിദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണം സംഭവിച്ചത്.
ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. മുര്‍ഷിദിന്റെ സുഹൃത്തായ സിദ്ധാര്‍ത്ഥ് ഒരു കടയുടെ മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നു.
ഇത് ചോദ്യം ചെയ്ത രൂപേഷും സംഘവും ബൈക്കിന്റെ താക്കോല്‍ ഊരിയെറിയുകയായിരുന്നു. ഇതോടെ മുര്‍ഷിദും മറ്റൊരു സുഹൃത്തായ നിഷാദും ഇവിടെ എത്തുകയും തുടര്‍ന്ന് രൂപേഷ് മുര്‍ഷിദിനെ കുത്തുകയുമായിരുന്നു. നിഷാദിനും കുത്തേറ്റു. ഇയാള്‍ ചികിത്സയിലാണ്.

