ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്മീരിലെത്തുമ്ബോള്‍ പ്രതിപക്ഷ കക്ഷികളെല്ലാം യാത്രയില്‍ അണിചേരും.
സമാപന സമ്മേളനത്തില്‍ സി.പി.എം പി.ബി അംഗം യൂസഫ് തരിഗാമിയും പങ്കെടുക്കും. ഭാരത് ജോഡോ യാത്ര ജനുവരി 22നാണ് ജമ്മു കശ്മീരില്‍ പ്രവേശിക്കുക. ഫറുഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരും സമാപന ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കനിമൊഴി, കമല്‍ ഹാസന്‍ ഉള്‍പ്പെടെയുള്ളവര്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്നു. ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികളുടെ പ്രതിനിധികളെ സമാപന ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഡിസംബര്‍ 24 ന് ഡല്‍ഹിയില്‍ എത്തിയ ഭാരത് ജോഡോ യാത്ര ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ജനുവരി മൂന്നിന് ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ നിന്ന് പുനരാരംഭിക്കുന്ന യാത്ര ജനുവരി 22നാണ് ജമ്മു കശ്മീരില്‍ പ്രവേശിക്കുക. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ ജാഥയില്‍ 149 സ്ഥിരം ജാഥാംഗങ്ങളുണ്ട്. സെപ്തംബര്‍ 7നാണ് യാത്ര തുടങ്ങിയത്. 146 ദിവസത്തെ പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോയാണ് ശ്രീനഗറില്‍ സമാപിക്കുക.

