ന്യൂഡല്‍ഹി: കൊച്ചി മരടില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഇടിച്ചുതകര്‍ത്ത ഫ്ലാറ്റ് നിര്‍മാതാക്കളുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ തിരികെ കൊടുക്കാനും മരവിപ്പിച്ച അക്കൗണ്ടുകള്‍ തുറന്നുകൊടുക്കാനും ജസ്റ്റിസ് ബി.ആര്.
ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. തിരികെ നല്‍കുന്നതിനുള്ള ഉപാധിയായി അല്ഫ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 25 കോടി രൂപയും കെ.പി. വര്‍ക്കിയും വി.എസ് ബില്‍ഡേഴ്സും 10 കോടി രൂപയും കെട്ടിവെക്കണം.
മുന്‍ കേരള ഹൈകോടതി ജഡ്ജിയായിരുന്ന റിട്ട. ജസ്റ്റിസ് കെ. ബാലകൃഷ്ണന് നായര്‍ സമിതിയുടെ നിര്‍ദേശം കണക്കിലെടുത്താണ് തുക കെട്ടിവെക്കാന്‍ നിര്‍ദേശിച്ചത്. അല്ഫ വെഞ്ചേഴ്സിന്റെ ഉടമ പാപ്പരായിരിക്കുകയാണെന്ന് അവരുടെ അഭിഭാഷകന് വി. ഗിരി വാദിച്ചു. ഫ്ലാറ്റ് ഉടമകള്‍ അടച്ച തുകക്ക് മേല്‍ വന്ന പലിശ ഒഴിവാക്കിക്കൊടുക്കണമെന്നും ഗിരി വാദിച്ചു. തങ്ങളുടെ അക്കൗണ്ടുകള്‍ മാത്രമല്ല, ബിസിനസ് പങ്കാളികളുടെ അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണെന്നും ഗിരി ബോധിപ്പിച്ചു.

