എകെജി സെന്ററിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ.
സുധാകരന്റെയും വീടുകള്‍ക്ക് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. സംഭവത്തിന് പിന്നാലെ തൃശൂരിലും കോട്ടയത്തും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി കേരളത്തിലെത്തി. ഇതിന്റെ ഭാഗമായി വയനാട് ജില്ലയിലും സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. 1500 പൊലീസുകാരെയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. ഡിഐജി രാഹുല്‍ ആര്. നായരുടെ നേതൃത്വത്തിലാണ് രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
എകെജി സെന്ററില്‍ ബോംബെറിഞ്ഞ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സി.പി.ഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിനും കണ്ണൂര്‍ ഡി.സി.സി ഓഫിസിനും സുരക്ഷകൂട്ടിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് എകെജി സെന്ററില്‍ ബോംബെറിഞ്ഞതെന്നും ഇതിന് പിന്നില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ആരോപിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞത് നേരിട്ടുകണ്ടത് പോലെയാണ്. ഇതിന് പിന്നിലെ തിരക്കഥ ഇപി ജയരാജന്റേത് മാത്രമാണ്. സിപിഐഎം ആണ് ഇതിന് പിന്നിലെന്ന് പോലും ഞാന്‍ പറയുന്നില്ല. ഇപി മാത്രമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും സുധാകരന് വ്യക്തമാക്കി.
എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ എല്‍.ഡി.എഫിനെതിരായ ആസൂത്രിത ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആരോപിച്ചു. കേരളത്തിന്റെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്. ഈ പ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വളരെ ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സമാധാനം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ഓഫീസുകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കാന്‍ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിച്ച കാര്യമാണ്. അതാണ് ഇപ്പോള്‍ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്

