കോഴിക്കോട്: ഒക്ടോബറില്‍ മുഖ്യമന്ത്രിയും സംഘവും നടത്തിയ വിദേശയാത്രകള്‍ക്കായി എത്ര പണം ചെലവഴിച്ചുവെന്നതിന്റെ കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.
ലണ്ടന്‍ ഹൈക്കമ്മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം പുറത്ത് വന്ന റിപ്പോര്‍ട്ട് അനുസരിച്ച്, മുഖ്യമന്ത്രിയും സംഘവും 43.14 ലക്ഷം രൂപയാണ് ഹോട്ടല്‍ താമസം, ഭക്ഷണം, നഗര യാത്രകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചത്. ഇതിന് സര്‍ക്കാര്‍ മറുപടി പറയണം. സംസ്ഥാനം വലിയ സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് മുഖ്യമന്ത്രിക്ക് വിദേശത്ത് വിനോദയാത്രയ്ക്ക് പോകാനായി ഖജനാവിലെ പണം പാഴാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യാത്രയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടാത്തത് ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
ശമ്ബളവും പെന്‍ഷനും കടം വാങ്ങി നല്കുന്ന സര്‍ക്കാര്‍ പാല്, വെള്ളം, വൈദ്യുതി, മദ്യം തുടങ്ങിയവയുടെയെല്ലാം വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുമ്ബോഴാണ് ഇത്തരം പണം പാഴാക്കലും നടക്കുന്നത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ലണ്ടനിലെ ചെലവിന്റെ കണക്കുകള്‍ മാത്രമാണ്. മറ്റ് രാജ്യങ്ങളില്‍ ചിലവായ തുകയുടെ വിവരങ്ങള്‍ പുറത്ത് വന്നാല്‍ മാത്രമേ പൂര്‍ണവിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
ദൈനംദിന ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താന്‍ സര്‍ക്കാര്‍ പാടുപെടുന്ന സമയത്താണ് മുഖ്യമന്ത്രിയും കുടുംബവും വിനോദയാത്ര നടത്തുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രകളില്‍ നിന്ന് സംസ്ഥാനത്തിന് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സംസ്ഥാനം ഗുരുതര സാമ്ബത്തിക പ്രതിസന്ധിയില്‍പെട്ടു നട്ടംതിരിയുമ്ബോഴും കാലങ്ങളായി തുടരുന്ന ധൂര്‍ത്ത് സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയാണ്. ധൂര്‍ത്തടിക്കുന്ന പണം ജനങ്ങളുടേതാണെന്നും അവരോട് അത് വിശദീകരിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും സര്‍ക്കാര്‍ മനസിലാക്കണമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.

