ന്യൂഡല്‍ഹി: മൊഹാലിയിലെ ചണ്ഡീഗഢ് സര്‍വകലാശാലയിലെ ഹോസ്റ്റല്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സൈനികനെ പോലിസ് അറസ്റ്റ് ചെയ്തു.
അരുണാചല്‍ പ്രദേശില്‍ നിയോഗിക്കപ്പെട്ട ജമ്മു സ്വദേശിയായ സഞ്ജീവ് സിങ് എന്ന സൈനികനെയാണ് അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. പ്രതിയായ വിദ്യാര്‍ഥിനിയെ സഞ്ജീവ് സിങ് ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് സംശയം.
ഡിജിറ്റല്‍ ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് സൈനികനെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. അരുണാചല്‍ പ്രദേശ് പോലീസ്, അസം പോലീസ്, അരുണാചല്‍ പ്രദേശിലെ സൈനിക അധികൃതര്‍ തുടങ്ങിയവരുടെ പിന്തുണയോടെയാണ് പ്രതിയായ സൈനികനെ അരുണാചല്‍ പ്രദേശിലെ സെലാ പാസില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് ഡിജിപി പറഞ്ഞു.
കൂടുതല്‍ ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ട് പിടിയിലായ സൈനികന്‍ വിദ്യാര്‍ഥിനിയെ നിരന്തരം വിളിച്ചും സന്ദേശങ്ങളയച്ചും ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നതായി പോലീസ് അറിയിച്ചു. പ്രതിയുടെ ഫോണും പോലീസ് കണ്ടെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഹോസ്റ്റലില്‍ താമസിക്കുന്ന നിരവധി വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി കാമുകനും മറ്റും കൈമാറിയിട്ടുണ്ടെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് ഛണ്ഡീഗഢ് സര്‍വലകാലാശാലയില്‍ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ അറസ്റ്റിലായ വിദ്യാര്‍ഥിനി സ്വന്തം വീഡിയോ മാത്രമാണ് തന്റെ പുരുഷ സുഹൃത്തിന് അയച്ചിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായ പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്ത് വീഡിയോകള്‍ കൈക്കലാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു.
സംഭവത്തില്‍ സൈനികനെ കൂടാതെ മറ്റു മൂന്ന് പേരെ കൂടെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

