തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരെ ശിക്ഷയില്‍ ഇളവ് നല്‍കി മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ദീര്‍ഘകാലത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഗുരുതരകുറ്റകൃത്യങ്ങള്‍ ചെയ്യാത്തവര്‍ക്ക് സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും നല്‍കുന്ന പ്രത്യേക ഇളവ് പിണറായി വിജയന്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തു. ഇത് തികച്ചും നിയമവിരുദ്ധമാണ്.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെയും അരിയില്‍ ഷുക്കൂര്‍ വധക്കേസിലെയും പ്രതികള്‍ ഉള്‍പ്പെടെ കൊടുംകുറ്റവാളികളായ രാഷ്ട്രീയ കൊലയാളികളെ മോചിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ഈ ഉത്തരവ് നടപ്പാക്കുന്നത്. സി.പി.എമ്മിന് പുറമെ ബി.ജെ.പിയും ഗുണഭോക്താക്കളില്‍ ഉണ്ടാകുമെന്നതാണ് വാസ്തവം. അവര്‍ തമ്മിലുള്ള അന്തര്‍ധാര എത്ര ആഴത്തിലുള്ളതാണെന്ന് വ്യക്തമാണ്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സര്‍ക്കാര്‍ വീണ്ടും ലൈസന്‍സ് കൊടുക്കുകയാണ് ചെയ്യുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 1,000ത്തിലധികം പ്രതികള്‍ക്ക് ഈ ഇളവ് ലഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരം നിയമവിരുദ്ധ ഉത്തരവുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരും നാളെ മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

