ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിനു പിന്നാലെ, രാഹുല്‍ ഗാന്ധി അജയ്യനാണെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ്.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ്, രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി കോണ്‍ഗ്രസിന്റെ ട്വീറ്റ്. ‘ഞാന്‍ അജയ്യനാണ്. എനിക്ക് കടുത്ത ആത്മവിശ്വാസമുണ്ട്. അതെ, ഇന്ന് എന്നെ തടയാനാകില്ല’ – ഇതായിരുന്നു ട്വീറ്റ്.
എക്സിറ്റ് പോളുകളിലെ സൂചനകള്‍ ശരിവച്ച്, കര്‍ണാടകയില്‍ മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ച വയ്ക്കുന്നത്. കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടാനുള്ള സാധ്യതകളാണ് ഫലസൂചനകള്‍ നല്‍കുന്നത്. 224 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.
രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര കടന്നു പോയ സംസ്ഥാനങ്ങളില്‍, അതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് കര്‍ണാടകയിലേത്. യാത്രയുടെ ഭാഗമായി 21 ദിവസമാണ് രാഹുല്‍ ഗാന്ധി കര്‍ണാടകയിലൂടെ നടന്നത്. അതുകൊണ്ടുതന്നെ, കര്‍ണാടകയിലെ മുന്നേറ്റം രാഹുലിന്റെ കൂടി വിജയമായാണ് പാര്‍ട്ടി അവതരിപ്പിക്കുന്നത്.

