ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വാട്സ്ആപ്പ് അവതരിപ്പിച്ച കിടിലന്‍ ഫീച്ചറുകളില്‍ ഒന്നാണ് ഡിസപ്പിയറിംഗ് മെസേജ്.
ചാറ്റ് ലിസ്റ്റില്‍ സന്ദേശങ്ങള്‍ കുന്നുകൂടുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന ഡിസപ്പിയറിംഗ് മെസേജ് പലപ്പോഴും തലവേദന സൃഷ്ടിക്കാറുണ്ട്. ആവശ്യമായ വിവരങ്ങള്‍ നിശ്ചിത പരിധി കഴിയുന്നതോടെ നഷ്ടമാകുമെന്നതാണ് പ്രശ്നം. ഇതിന് പരിഹാരവുമായാണ് വാട്സ്ആപ്പ് എത്തുന്നത്. മെസേജുകള്‍ സേവ് ചെയ്യാന്‍ സഹായിക്കുന്ന ‘കെപ്റ്റ് മെസേജ്’ സംവിധാനമാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ഈ ഫീച്ചര്‍ എത്തുന്നതോടെ, ആവശ്യമായ കണ്ടന്റുകള്‍ സേവ് ചെയ്തുവയ്ക്കാന്‍ സാധിക്കുന്നതാണ്.
കെപ്റ്റ് മെസേജുകള്‍ നിശ്ചിത സമയപരിധി കഴിഞ്ഞാല്‍ സ്വമേധയാ ഡിലീറ്റ് ആകുകയില്ല. ഇവ ബുക്ക്മാര്‍ക്ക് ചെയ്ത് സേവ് ചെയ്യാന്‍ കഴിയുന്നതാണ്. നിലവില്‍, ബീറ്റാ ടെസ്റ്റ് യൂസേഴ്സിന് ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടില്ലെന്നാണ് വിവരം. കെപ്റ്റ് മെസേജ് ഫീച്ചറിന് പുറമേ, ഡിസപ്പിയറിംഗ് മെസേജ് ഫീച്ചറില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ നല്‍കാനും വാട്സ്ആപ്പ് പദ്ധതിയിടുന്നുണ്ട്. നിലവില്‍, 24 മണിക്കൂര്‍, 7 ദിവസം, 90 ദിവസം എന്നിങ്ങനെയാണ് ഡിസപ്പിയറിംഗ് മെസേജിലെ സമയപരിധി.

