കൊച്ചി: സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ ജിയോ 5ജി സേവനം ആരംഭിച്ചു .5ജി ടെലികോം സേവനമായ ‘ജിയോ ട്രൂ 5ജി’ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുമാണ് ആരംഭിച്ചത് .
ഒരുമാസത്തിനുള്ളില്‍ മറ്റു പ്രധാന നഗരങ്ങളിലും സേവനം ലഭ്യമാക്കുമെന്ന് കമ്ബനി അറിയിച്ചു. സെക്കന്‍ഡില്‍ ഒരു ജി.ബി.വരെ വേഗംനല്‍കുന്ന ഡേറ്റയാണ് ജിയോ 5ജി ഒരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പങ്കെടുത്ത് ഉദ്ഘാടനംചെയ്തു.
6,000 കോടി രൂപയാണ് കേരളത്തില്‍ 5ജി ശൃംഖല സ്ഥാപിക്കാന്‍ റിലയന്‍സ് ജിയോ മുതല്‍മുടക്കിയിരിക്കുന്നത് . കൊച്ചിയില്‍ ‘ജിയോ ട്രൂ 5ജി’ സേവനം അവതരിപ്പിച്ച ചടങ്ങില്‍ കമ്ബനി സീനിയര്‍ വൈസ് പ്രസിഡന്റും കേരള മേധാവിയുമായ കെ.സി. നരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുമാണ് 5ജി ലഭ്യമാകാന്‍ തുടങ്ങിയതെങ്കിലും ഈ മാസംതന്നെ തിരുവനന്തപുരത്തുകൂടി സേവനം വ്യാപിപ്പിക്കും.
എയര്‍ടെലിന്റെ 5ജി സേവനങ്ങള്‍ കൊച്ചി നഗരപരിധിയില്‍ ഇപ്പോള്‍ത്തന്നെ ലഭ്യമാണ്. ഇതിനു പിന്നാലെ ജിയോ കൂടിയെത്തിയതോടെ വരുന്നത് 5ജി വിപ്ലവമാണ്. 5ജി സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മാത്രമല്ല, സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ക്കും വളരെയധികം പ്രയോജനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സേവനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
2023 ജനുവരിയില്‍ കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം തുടങ്ങിയ ഏഴ് നഗരങ്ങളിലേക്കു കൂടി സേവനം എത്തിക്കാനാണ് പദ്ധതി. 2023 ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലേക്കും 5ജി നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

