തിരുവനന്തപുരം: നിയമസഭയില്‍ പറഞ്ഞത് തെറ്റെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെക്കുറിച്ച് നിയമസഭയില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. താന്‍ പറഞ്ഞത് അസംബന്ധം ആണെങ്കില്‍ അത് മുഖ്യമന്ത്രി തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകളെ വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ല. വീണയുടെ കമ്പനിക്ക് ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്നാണ് പറഞ്ഞത്. പി.ഡബ്ല്യു.സി ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ തന്റെ എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിയുടെ വെബ്‌സൈറ്റില്‍ കുറിച്ചിരുന്നു എന്നാണു ഇന്നലെ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചക്കിടെ കുഴല്‍നാടന്‍ ആരോപിച്ചത്. പറഞ്ഞത് കള്ളമെങ്കില്‍ കേസെടുക്കണം.
ശൈലി കൊണ്ട് വിരട്ടാമെന്ന് മുഖ്യമന്ത്രി ധരിക്കേണ്ട. പറഞ്ഞതില്‍ ഉത്തമ ബോധ്യമുണ്ട്. വെബ്‌സൈറ്റിലെ വിവരങ്ങള്‍ നീക്കിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. കുഴല്‍നാടന്റെ പരാമര്‍ശത്തില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി, മകളെക്കുറിച്ചു പറഞ്ഞാല്‍ താന്‍ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ മാത്യു കുഴല്‍നാടന്‍ കരുതുന്നതെന്നു ചര്‍ച്ചക്കു മറുപടി പറയവേ ചോദിച്ചിരുന്നു. രാവിലെ വീണക്കെതിരായ ആരോപണങ്ങള്‍ മന്ത്രി മുഹമ്മദ് റിയാസും തള്ളിക്കളഞ്ഞിരുന്നു.

