ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന വാദവുമായി ബി.ബി.സി പുറത്തിറക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്‍ററിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ രൂക്ഷ വിമര്‍ശനം നടത്തിയ പശ്ചാത്തലത്തില്‍ മറുപടിയുമായി ബി.ബി.സി.
ഡോക്യുമെന്‍ററിയില്‍ പറയുന്ന കാര്യങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാറിന് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയിരുന്നെന്നും എന്നാല്‍ പ്രതികരിക്കാന്‍ തയാറായില്ലെന്നും ബി.ബി.സി വ്യക്തമാക്കി.
വിശദമായി ഗവേഷണം ചെയ്താണ് ഡോക്യുമെന്‍ററി തയാറാക്കിയത്. വിവിധ തുറകളില്‍ നിന്നുള്ളവരുടെ വാക്കുകളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തി. മോദിയുടെ പാര്‍ട്ടിയായ ബി.ജെ.പിയില്‍ നിന്നുള്ളവരുടെയും അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാറിന് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കി. എന്നാല്‍ പ്രതികരിക്കാന്‍ തയാറായില്ല -ബി.ബി.സി വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പ്രതികരിച്ചു.
ഗുജറാത്ത് കലാപം സംബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിടാത്ത രഹസ്യരേഖ അടങ്ങുന്നതാണ് ബ്രിട്ടനില്‍ ചൊവ്വാഴ്ച ബി.ബി.സി-ടു സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി. ഇത് ഇന്ത്യയിലും യൂട്യൂബില്‍ ലഭ്യമായിരുന്നെങ്കിലും പിന്നീട് അപ്രത്യക്ഷമായിരുന്നു.
എന്നാല്‍, ഡോക്യുമെന്‍ററിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. വിശ്വാസ്യതയില്ലാത്ത കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ആശയപ്രചാരണത്തിനുള്ള ആയുധമാണ് ബി.ബി.സി ഡോക്യുമെന്‍ററിയെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഇതിന്റെ ലക്ഷ്യങ്ങളെന്താണെന്ന കാര്യത്തില്‍ സംശയമുണ്ട്. മുന്‍ധാരണയോടെയും വസ്തുതാവിരുദ്ധവും കൊളോണിയല്‍ മനസ്സ് കൃത്യമായി പ്രതിഫലിക്കുന്നതുമാണിത്. ഇത്തരം കാര്യങ്ങള്‍ പൊലിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്താണ് ഡോക്യുമെന്‍ററിയില്‍ വിശദമാക്കുന്നത്
ഗുജറാത്തില്‍ ലക്ഷണയുക്തമായ വംശഹത്യയിലേക്ക് സംഘര്‍ഷവും കലാപവും മാറ്റിത്തീര്‍ത്തതെങ്ങനെയെന്ന അന്വേഷണം കൂടിയാണ് ഡോക്യുമെന്‍ററിയെന്ന് ബി.ബി.സി പറയുന്നു. വംശഹത്യക്കു പിന്നാലെ ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപംനല്‍കിയ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ പല ഭാഗങ്ങളും ഇതിലുണ്ട്. ‘ഗുജറാത്തിലെ സംഭവങ്ങളില്‍ ഞാന്‍ ഏറെ അസ്വസ്ഥനായിരുന്നുവെന്നും നമുക്ക് വലിയ ബന്ധമുള്ള രാജ്യമാണ് ഇന്ത്യയെന്നതിനാല്‍ വിഷയം അതി ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതായി വന്നു’വെന്നും അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്ട്രോ ഡോക്യുമെന്ററിയില്‍ പറയുന്നു. ബ്രിട്ടീഷ് അന്വേഷണസംഘം അന്ന് ഗുജറാത്ത് സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
അക്രമസംഭവങ്ങള്‍ പുറത്തുവന്നതിനേക്കാള്‍ എത്രയോ അധികമാണ്. മുസ്‍ലിം വനിതകളെ ആസൂത്രിതമായി ബലാത്സംഗത്തിനിരയാക്കി. അക്രമങ്ങള്‍ രാഷ്ട്രീയപ്രേരിതമായിരുന്നു. ഹിന്ദുമേഖലകളെ മുസ്‍ലിം മുക്തമാക്കുകയായിരുന്നു കലാപ ലക്ഷ്യം. അത് മോദിയില്‍നിന്ന് വന്നതാണെന്ന് സംശയാതീതമാണെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നും ഡോക്യുമെന്ററി ആരോപിക്കുന്നു. 2000 പേരെങ്കിലും കൊല്ലപ്പെട്ട കലാപം മുസ്‍ലിം സമുദായത്തെ കൃത്യമായി ലക്ഷ്യമിട്ട രാഷ്ട്രീയലക്ഷ്യങ്ങളുള്ള വംശഹത്യതന്നെയാണെന്നും പേരു വെളിപ്പെടുത്താത്ത മുന്‍ നയതന്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടു. അക്രമം വ്യാപിപ്പിച്ചത് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ആണ്. സംസ്ഥാന സര്‍ക്കാര്‍ അനുകൂല സാഹചര്യം ഒരുക്കിയതുകൊണ്ടുമാത്രമാണ് അത് സാധിച്ചത്.
പൊലീസിനെ പിറകോട്ടുവലിക്കുന്നതിലും രഹസ്യമായി ഹിന്ദുത്വ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നതിലും മുഖ്യമന്ത്രി നരേന്ദ്ര മോദി സജീവമായെന്ന് ജാക് സ്ട്രോ ബി.ബി.സിയോട് പറഞ്ഞു. സമൂഹങ്ങളെ സംരക്ഷിക്കുകയെന്ന ജോലിയില്‍നിന്ന് പൊലീസിനെ തടയുന്നത് രാഷ്ട്രീയ ഇടപെടലിന്റെ ഏറ്റവും മോശം ഉദാഹരണമായിരുന്നു. മന്ത്രിയെന്ന നിലക്ക് തനിക്ക് പരിമിതികളുണ്ടായിരുന്നെന്നും ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തങ്ങള്‍ ഒരിക്കലും അവസാനിപ്പിക്കാവുന്ന നിലയില്‍ അല്ലായിരുന്നെന്നും സ്ട്രോ തുടര്‍ന്നു. വംശഹത്യയെ തുടര്‍ന്ന് മോദിക്ക് ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ നയതന്ത്ര ഉപരോധം 2012 ഒക്ടോബറില്‍ അവസാനിപ്പിച്ചു. ഈ കാലയളവില്‍ യൂറോപ്യന്‍ യൂനിയനും ഗുജറാത്ത് സംഭവങ്ങള്‍ അന്വേഷിച്ചു. മന്ത്രിമാര്‍ ആക്രമണങ്ങളില്‍ സജീവമായി പങ്കെടുത്തെന്നും കലാപത്തില്‍ ഇടപെടരുതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഈ അന്വേഷണവും കണ്ടെത്തി.
മോദി വലിയ മാധ്യമസൗഹൃദമുള്ള ആളല്ലെന്നും അതിനാല്‍ അദ്ദേഹം അഭിമുഖത്തിന് സമ്മതിച്ചപ്പോള്‍ ഒരു സ്കൂപ് കിട്ടിയതുപോലെയായിരുന്നു തോന്നിയിരുന്നതെന്നും ഗുജറാത്ത് കലാപം സംബന്ധിച്ച് മോദിയുമായി അഭിമുഖം നടത്തിയ ബി.ബി.സിയുടെ ജില്‍ മക്ഗിവെറിങ് പറഞ്ഞു. കലാപത്തിലെ ഭരണകൂട പങ്ക് സംബന്ധിച്ച ആരോപണങ്ങള്‍ നിഷേധിച്ച മോദി ‘നിങ്ങള്‍ ബ്രിട്ടീഷുകാര്‍ ഞങ്ങളെ മനുഷ്യാവകാശം പഠിപ്പിക്കേണ്ട’ എന്നു പറഞ്ഞു. കലാപവേളയില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ‘മാധ്യമങ്ങളെ വേറെ രീതിയില്‍ സമീപിക്കാമായിരുന്നു’ എന്നായിരുന്നു മോദിയുടെ പ്രതികരണം. മോദി അധികാരത്തിലിരിക്കുവോളം അനുരഞ്ജനസാധ്യത അസാധ്യമാണെന്ന പ്രസ്താവനയോടെയാണ് ഡോക്യുമെന്ററി പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

