ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.
ചന്ദ്രചൂഢ്. വിവരാവകാശ ചോദ്യങ്ങളും അപ്പീലുകളും പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാനാകും. ഇതുസംബന്ധിച്ച ഹരജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയാറായതായും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അറിയിച്ചത്.
ആകൃതി അഗര്‍വാള്‍, ലക്ഷ്യ പുരോഹിത് എന്നീ നിയമവിദ്യാര്‍ഥികളാണ് ആവശ്യമുന്നയിച്ച് ഹരജി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.
വിവരാവകാശത്തിനായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ യാഥാര്‍ഥ്യമാക്കുന്നത് കാര്യങ്ങള്‍ വളരെ എളുപ്പമാക്കുമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ സംവിധാനം നിലവിലില്ലാത്ത ഹൈകോടതികളോടും ഇതേ മാര്‍ഗം അവലംബിക്കാന്‍ നിര്‍ദേശിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

