ഈ അടുത്തായിട്ടാണ് വരുമാനവും ഉപയോക്താക്കളുടെ എണ്ണവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നെറ്റ്ഫ്ലിക്‌സ് (Netflix) പരസ്യത്തോട് കൂടിയ പുതിയ സബ്‌സ്‌ക്രിപ്‌ഷന്‍ പ്ലാന്‍ വിവിധ രാജ്യങ്ങളില്‍ അവതരിപ്പിച്ചത്.
സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ചില വിപണികളില്‍ പാസ്‌വേഡ് ഷെയറിംഗും അവസാനിപ്പിച്ചിരുന്നു. ഇതിന് മുന്നോടിയായി പാസ്‌വേഡ് ഷെയറിംഗ് ഓപ്ഷന്‍ ഘട്ടം ഘട്ടമായി എല്ലാവര്‍ക്കും അവസാനിക്കുമെന്ന് മുന്‍ നെറ്റ്ഫ്ലിക്‌സ് (Netflix) സിഇഒ റീഡ് ഹേസ്റ്റിംഗ്‌സ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ നെറ്റ്ഫ്ലിക്‌സ് (Netflix) പാസ്‌വേഡ് ഷെയറിംഗ് എല്ലാ ഉപയോക്താക്കള്‍ക്കും ഉടന്‍ അവസാനിക്കുമെന്ന് പുതിയ കോ-ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ (സിഇഒ) ഗ്രെഗ് പീറ്റേഴ്‌സും ടെഡ് സരണ്ടോസും ബ്ലൂംബര്‍ഗിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. നെറ്റ്ഫ്ലിക്സ് (Netflix) ഉപയോഗിക്കുന്നതിന് സുഹൃത്തുക്കളെയും മറ്റുള്ളവരെയും ആശ്രയിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ പ്ലാറ്റ്‌ഫോമില്‍ ആക്‌സസ് ലഭിക്കാന്‍ പണം നല്‍കേണ്ടിവരുമെന്ന് ഇത് സൂചിപ്പിക്കുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് നെറ്റ്ഫ്ലിക്‌സിനായി പണമടയ്ക്കാത്ത എന്നാല്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ഭൂരിഭാഗം ഉപയോക്താക്കളും ഉടന്‍ തന്നെ നെറ്റ്ഫ്ലിസ് (Netflix)കാണുന്നതിന് പണം നല്‍കേണ്ടിവരുമെന്ന് പീറ്റേഴ്‌സ് പറഞ്ഞു. എന്നിരുന്നാലും, നിയന്ത്രിത പാസ്‌വേഡ് പങ്കിടല്‍ പുറത്തിറക്കിയതിന് ശേഷവും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഉപഭോക്തൃ അനുഭവം നഷ്‌ടപ്പെടുത്തില്ലെന്ന് പീറ്റേഴ്‌സ് വെളിപ്പെടുത്തി.അതേസമയം, ആഗോളതലത്തില്‍ പാസ്‌വേഡ് പങ്കിടല്‍ പരിമിതപ്പെടുത്തിയാല്‍ അസന്തുഷ്‌ടരായ നിരവധി ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നും അദ്ദേഹം അംഗീകരിച്ചു. എന്നാല്‍ ഇന്ത്യ പോലുള്ള വലിയ രാജ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വരിക്കാരുടെ എണ്ണം 15-20 ദശലക്ഷം വര്‍ദ്ധിപ്പിക്കാന്‍ കമ്ബനി ലക്ഷ്യമിടുന്നു. നെറ്റ്ഫ്ലിക്‌സ് ഉപയോഗിക്കുന്നതിന് നിലവില്‍ പണം നല്‍കാത്ത എല്ലാ ഉപയോക്താക്കളും പണം നല്‍കേണ്ടി വരുമെന്ന് പീറ്റേഴ്‌സ് കൂട്ടിച്ചേര്‍ത്തു.
ഒരു കുടുംബത്തില്‍ അല്ലാത്തവര്‍ തമ്മില്‍ പാസ്‌വേഡുകള്‍ പങ്കിടാനുള്ള ഓപ്ഷന്‍ നെറ്റ്ഫ്ലിക്സ് ഉടന്‍ പ്രവര്‍ത്തനരഹിതമാക്കും. സൗജന്യ പാസ്‌വേഡ് ഷെയറിങ് തടയുക എന്ന ലക്ഷ്യത്തോടെ നെറ്റ്ഫ്ലിക്സ് ഓരോ ഉപയോക്താക്കള്‍ക്കും നിരക്ക് ഈടാക്കാന്‍ തുടങ്ങിയേക്കാം. നിങ്ങളുടെ വീടിന് പുറത്തുള്ള ആരുമായും നിങ്ങളുടെ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് പങ്കിടുകയാണെങ്കില്‍ ആ വ്യക്തി പ്രൊഫൈല്‍ ഉപയോഗിക്കുന്നതിന് ഒരു ഫീസ് നല്‍കേണ്ടിവരും. പണം നല്‍കാതെ ആര്‍ക്കും ഇനിമുതല്‍ അവരുടെ സുഹൃത്തിന്റെ നെറ്റ്ഫ്ലിക്സ് പ്രൊഫൈല്‍ ഉപയോഗിക്കാന്‍ കഴിയില്ല.
കോസ്റ്റാറിക്ക, ചിലി, പെറു എന്നിവയുള്‍പ്പെടെ ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നെറ്റ്ഫ്ലിക്സ് പുതിയ പാസ്‌വേഡ് പങ്കിടല്‍ ഓപ്ഷന്‍ പരീക്ഷിക്കുന്നുണ്ട്. ഈ മാര്‍ക്കറ്റുകളില്‍, സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ സുഹൃത്തിന്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് (Netflix account) ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് 3 ഡോളര്‍ (ഏകദേശം 250 രൂപ) ഈടാക്കുന്നുണ്ട്. ഇന്ത്യയില്‍ ഒരു ഉപയോക്താവിന് എത്ര തുക ഈടാക്കുമെന്ന് കമ്ബനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഈ തുക ആഗോള വിലയ്ക്ക് ഏതാണ്ട് തുല്യമായിരിക്കുമെന്ന് കരുതുന്നു. ഐപി അഡ്രസ്, ഡിവൈസ് ഐഡികള്‍, അക്കൗണ്ട് ആക്റ്റിവിറ്റി എന്നിവയിലൂടെ നെറ്റ്ഫ്ലിക്സ് പുതിയ പാസ്‌വേഡ് പങ്കിടല്‍ നിയമം നടപ്പിലാക്കും. നെറ്റ്ഫ്ലിക്സ് അതിന്റെ വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് പുതിയ വഴികള്‍ പരീക്ഷിക്കുന്നുണ്ട്. ചെറിയ ഫീസോടെയുള്ള പാസ്‌വേഡ് പങ്കിടല്‍ അവയിലൊന്നാണ്.
നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷന്‍ (Netflix subscription) ലഭിക്കുന്നതിന് കൂടുതല്‍ പണം നല്‍കാന്‍ ആഗ്രഹിക്കാത്ത ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയോടെ കമ്ബനി അടുത്തിടെ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ 6.99 ഡോളറിന് താങ്ങാനാവുന്ന ആഡ് സപ്പോര്‍ട്ടഡ് പ്ലാന്‍ അവതരിപ്പിച്ചിരുന്നു. നെറ്റ്ഫ്ലിക്സ് നാല് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മൊബൈല്‍-ഓണ്‍ലി പ്ലാന്‍, ബേസിക് പ്ലാന്‍, സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍, പ്രീമിയം പ്ലാന്‍. മൊബൈല്‍-ഓണ്‍ലി പ്ലാനിന് പ്രതിമാസം 149 രൂപയാണ് ഈടാക്കുന്നത്. അതേസമയം ബേസിക്, സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം പ്ലാനുകള്‍ക്ക് യഥാക്രമം 199 രൂപ, 499 രൂപ, 649 രൂപ എന്നിങ്ങനെയാണ് സബ്‌സ്‌ക്രിപ്‌ഷന്‍ ചാര്‍ജുകള്‍.

