മലയാളത്തില്‍ ഇതാദ്യമായാണ് ഒരു ക്ലാസിക് ചിത്രം റീമാസ്റ്ററിങ്ങിന് ശേഷം തിയേറ്ററുകളില്‍ എത്തുന്നത്. 28 വര്‍ഷമായി മലയാളികള്‍ ടെലിവിഷനിലും മറ്റ് ചാനലുകളിലും കാണുന്ന സിനിമ കാണാന്‍ ആളുകള്‍ എത്തുമോ എന്ന സംശയത്തിലായിരുന്നു തിയേറ്റര്‍ ഉടമകള്‍.
എന്നാല്‍ ആ സംശയങ്ങളെല്ലാം ദൂരീകരിക്കുന്ന പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഞായറാഴ്ച വരെയുള്ള നാല് ദിവസം കൊണ്ട് കേരളത്തിലെ 160 സ്ക്രീനുകളില്‍ നിന്ന് ചിത്രം മൂന്ന് കോടി കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും വിദേശ വിപണികളിലും ചിത്രത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും 40 വിദേശരാജ്യങ്ങളിലുമായി നൂറോളം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. യുകെയിലെയും അയര്‍ലന്‍ഡിലെയും 46 സ്ക്രീനുകളില്‍ നിന്നുള്ള ചിത്രത്തിന്റെ ആദ്യ വാരാന്ത്യ കളക്ഷന്‍ 14,000 യൂറോയാണെന്നാണ് റിപ്പോര്‍ട്ട്. അതായത് 14 ലക്ഷം രൂപ. ഈ വര്‍ഷം യുകെയില്‍ ഒരു മലയാളം ചിത്രത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വരുമാനമാണിത്. സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കമാണ് ഒന്നാം സ്ഥാനത്ത്.
ആദ്യ വാരാന്ത്യത്തില്‍ ചിത്രം ജിസിസിയില്‍ 56 ലക്ഷവും യുഎസില്‍ 6.6 ലക്ഷവും കളക്ഷന്‍ നേടിയതായി വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുകെയിലെ മലയാളികള്‍ ചെണ്ടമേളമുള്പ്പെടെയുള്ള സന്നാഹങ്ങളോടെയാണ് സ്ഫടികത്തിന്റെ രണ്ടാം വരവിനെ വരവേറ്റത്.

