ലക്നൗ: മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ബംഗാള്‍ ഗവര്‍ണറുമായ കേസരി നാഥ് ത്രിപാഠി (88) അന്തരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ വസതിയില്‍ വച്ച് ഇന്നലെ പുലര്‍ച്ചെ അഞ്ചിനായിരുന്നു അന്ത്യം.
കൈക്ക് പൊട്ടലും ശ്വാസ തടസ്സവും മൂലം ചികിത്സയിലായിരുന്നു, ആറ് തവണ ഉത്തര്‍ പ്രദേശ് നിയമസഭയില്‍ അംഗമായിരുന്നു. രണ്ടു വര്‍ഷക്കാലം ധനകാര്യ, വില്പന നികുതി മന്ത്രിയായിരുന്നു. മൂന്ന് തവണ യു.പി നിയമസഭാ സ്പീക്കറായിരുന്ന അദ്ദേഹം പശ്ചിമ ബംഗാള്‍, ബീഹാര്‍, മേഘാലയ,മിസോറാം എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണറായും ഉത്തര്‍ പ്രദേശിലെ ബി.ജെ.പിയുടെ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു.
1934 നവംബര്‍ 10ന് അലഹബാദിലാണ് ജനനം. എഴുത്തുകാരന്‍ കൂടിയായ ത്രിപാഠി അലഹബാദ് ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി പ്രാക്ടീസും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും അനുശോചനം രേഖപ്പെടുത്തി.
ഭരണഘടനാപരമായ കാര്യങ്ങളില്‍ അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. യുപിയില്‍ ബിജെപി കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും സംസ്ഥാനത്തിന്റെ പുരോഗതിക്കായി കഠിനാധ്വാനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്നു. മോദി ട്വീറ്റ് ചെയ്തു.

