ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കുടിയേറ്റ വോട്ടര്‍മാര്‍ക്കായി വികസിപ്പിച്ച വിദൂര വോട്ടുയന്ത്രത്തിന്റെ പ്രദര്‍ശനം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ മാറ്റിവെച്ചു.
കമീഷന് മുമ്ബില്‍ പദ്ധതിയോടുളള എതിര്‍പ്പ് പ്രകടിപ്പിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ പദ്ധതിതന്നെ വേണോ എന്ന് തീര്‍പ്പാക്കാതെ വിദൂര വോട്ടുയന്ത്രം തങ്ങള്‍ക്ക് കാണേണ്ടതില്ലെന്ന കടുത്ത നിലപാട് എടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രദര്‍ശനത്തിനായി ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ കൊണ്ടുവന്ന യന്ത്രങ്ങള്‍ കമീഷന്‍ തിരികെ കൊണ്ടുപോയി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലപാട് അറിയിക്കാനുള്ള സമയം ജനുവരി 31ല്‍നിന്ന് ഫെബ്രുവരി 28ലേക്ക് നീട്ടുകയും ചെയ്തു.
ദേശീയ പദവിയുള്ള എട്ട് പാര്‍ട്ടികളും സംസ്ഥാന പദവിയുള്ള 43 പാര്‍ട്ടികളുമാണ് കമീഷന്റെ ക്ഷണം സ്വീകരിച്ച് എത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാറിന്റെ ആമുഖ സംസാരത്തിന് ശേഷം വിദൂര വോട്ടുയന്ത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് കമീഷന്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചത്. ഉച്ചക്ക് ഒരു മണിയോടെ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങാമെന്നും കമീഷന്‍ വ്യക്തമാക്കി.
എന്നാല്‍, പാര്‍ട്ടികളുമായി ആദ്യം ചര്‍ച്ച നടത്തിയ ശേഷം മതി പ്രദര്‍ശനമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് എല്ലാവരോടും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യാമെന്ന് കമീഷന്‍ അറിയിച്ചപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ അതിനും സന്നദ്ധമായില്ല. ഓരോ പാര്‍ട്ടിയെയും ഒറ്റക്കൊറ്റക്ക് കേള്‍ക്കണമെന്ന് അവര്‍ ഉപാധിവെച്ചു. തുടര്‍ന്ന് ആദ്യം എട്ടു ദേശീയ പാര്‍ട്ടികളെയും പിന്നീട് 43 സംസ്ഥാന പാര്‍ട്ടികളെയും നിലപാട് ചര്‍ച്ചക്കായി വിളിച്ചു. പ്രതിപക്ഷത്തെ ഓരോ പാര്‍ട്ടിയും ചര്‍ച്ച കഴിഞ്ഞ് വിദൂര വോട്ടുയന്ത്രം തങ്ങള്‍ക്ക് കാണേണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നു. കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്ങാണ് ആദ്യമിറങ്ങിപ്പോന്നത്. ആഭ്യന്തര കുടിയേറ്റക്കാരുടെ സ്ഥിതിവിവര കണക്കോ, സര്‍വേയോ ഇല്ലാതെ വിദൂര വോട്ടുയന്ത്രം പ്രദര്‍ശിപ്പിക്കണ്ട എന്ന നിലപാട് പ്രതിപക്ഷ പാര്‍ട്ടികള്‍ കൈക്കൊണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. അതിന് പിന്നാലെ കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴികാടനും ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ദേവരാജനും അടക്കമുള്ളവര്‍ ഇറങ്ങിപ്പോന്നു.
വൈകുന്നേരം വരെ നീണ്ട പാര്‍ട്ടികളുമായുള്ള ചര്‍ച്ചക്ക് ശേഷം പ്രദര്‍ശനം തല്‍ക്കാലം വേണ്ടെന്നുവെച്ച കമീഷന്‍ ചര്‍ച്ച തുടരാനും അഭിപ്രായം അറിയിക്കാനുള്ള സമയം നീട്ടാനും തീരുമാനിക്കുകയായിരുന്നു.

