ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചുവെന്ന് പരാതി.
കോണ്‍ഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വര്‍ഗീയവാദികളും ആക്കി വ്യാജ വെബ്സൈറ്റില്‍ ചിത്രീകരിക്കുകയും ചെയ്തു. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരിലുള്ള വ്യാജ കത്തും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരാതിയില്‍ ബെംഗളൂരു സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ഐഎന്‍സികര്‍ണാടക.ഇന്‍ ഇപ്പോള്‍ ലഭ്യമല്ല. ഈ ലിങ്കില്‍ ക്ലിക്കുചെയ്യുകയാണെങ്കില്‍ ‘ഈ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു’ എന്ന അറിയിപ്പാണ് കാണുക. അതേസമയം ഇതിന് പകരം കെപിസിസി.ഇന്‍ എന്ന ലിങ്കിലാണ് വ്യാജ വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് സൈറ്റിലുള്ളത്.
കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്യുന്ന രീതിയിലുള്ള സിദ്ധരാമയ്യയുടെ കത്ത് ഇതിന് പിന്നാലെയാണ് സൈറ്റില്‍ പ്രത്യക്ഷപ്പെടുന്നത്. സിദ്ധരാമയ്യയുടെ വ്യാജ ഒപ്പുമുണ്ട്. കത്ത് വ്യാജമാണെന്ന് സിദ്ധരാമയ്യ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

