കോട്ടയം: വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറുകള് സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. സമീപത്ത് നിറച്ചുവെച്ച പാചക വാതക സിലിണ്ടറിലും കാറിലും ബൈക്കിലും തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
വരിക്കാംകുന്ന് ജങ്ഷനില്‍ രാജ് ഹെയര്‍ കട്ട് ബാര്‍ബര്‍ ഷോപ് ഉടമ പടിഞ്ഞാറെ കാലായില്‍ ശെല്‍വരാജിന്റെ വീട്ടുമുറ്റത്തിരുന്ന ആക്ടിവ, പ്ലഷര്‍ സ്കൂട്ടറുകളാണ് കത്തിനശിച്ചത്. ശെല്‍വരാജും മാതാവും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ച 2.30 ഓടെയാണ് വാഹനങ്ങള്‍ കത്തിച്ചതെന്ന് കരുതുന്നു. ശക്തമായ ചൂടില്‍ പാചക വാതക സിലിണ്ടറിന് മീതെയുള്ള പ്ലാസ്റ്റിക് അടപ്പ് ഉരുകിയെങ്കിലും തീ പിടിച്ചിരുന്നില്ല. സ്കൂട്ടറിലുണ്ടായിരുന്ന വീടിന്റെ ആധാരം, ബാങ്ക് പാസ്ബുക്ക് അടക്കം കത്തിനശിച്ചു. അഗ്നിരക്ഷാസേന എത്തിയാണ് തീയണയ്ച്ചത്. സംഭവത്തില്‍ കൊല്ലം സ്വദേശിയെ തലയോലപ്പറമ്ബ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

