ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്പറേഷന് മേയറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഫെബ്രുവരി 16ന് നടക്കും.
മേയര്‍ തെരഞ്ഞെടുപ്പിനായി സഭ വിളിച്ചുകൂട്ടാനുള്ള ഡല്‍ഹി സര്‍ക്കാറിന്റെ ശിപാര്‍ശ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന അംഗീകരിച്ചു.
കഴിഞ്ഞ വര്‍ഷം മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം മൂന്ന് തവണ സഭായോഗം വിളിച്ചെങ്കിലും മേയര്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിച്ചിരുന്നില്ല. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നുള്ള വാക്കേറ്റത്തിലാണ് മൂന്ന് തവണയും തെരഞ്ഞെടുപ്പ് മുടങ്ങിയത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ആസൂത്രിത നീക്കമാണിതെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. 250 അംഗ കൗണ്‍സിലില്‍ 134 സീറ്റ് നേടി ആപ് ഭൂരിപക്ഷം നേടിയിരുന്നു. 15 വര്‍ഷം തുടര്‍ച്ചയായി കോര്പറേഷന് ഭരിച്ച ബി.ജെ.പിയെ അട്ടിമറിച്ചാണ് ഭൂരിപക്ഷം നേടിയത്. ബി.ജെ.പിക്ക് 104 സീറ്റ് മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് ഒമ്ബതിലേക്ക് ചുരുങ്ങി.

