അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യയില്‍ ഇരകള്‍ക്കുവേണ്ടി നിലകൊണ്ട സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായ ആര്.ബി.
ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരെ എടുത്ത കേസ് വിചാരണക്കായി മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് അഹ്മദാബാദ് സെഷന്‍സ് കോടതിയിലേക്ക് മാറ്റി.
നിരപരാധികളെ കുറ്റക്കാരാക്കാനും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്താനുമായി മൂവരും വ്യാജ തെളിവുകള്‍ ചമച്ചുവെന്ന് ആരോപിച്ച് 2022 ജൂണില്‍ അഹ്മദാബാദ് പൊലീസാണ് കേസെടുത്തിരുന്നത്.
പ്രത്യേകസംഘം അന്വേഷിച്ച കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ അറസ്റ്റിലായ ടീസ്റ്റയും ശ്രീകുമാറും ഇപ്പോള്‍ ഇടക്കാല ജാമ്യത്തിലാണ്. അന്നത്തെ ബി.ജെ.പി സര്‍ക്കാറിനെതിരെ മൊഴി നല്കിയ സഞ്ജീവ് ഭട്ട് ഒരു കസ്റ്റഡി മരണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഇപ്പോള്‍ ജീവപര്യന്തം തടവിലുമാണ്.
ജീവപര്യന്തമോ ഏഴു വര്‍ഷത്തില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മൂവര്‍ക്കുമെതിരെ ചുമത്തിയത് എന്നതിനാലാണ് വിചാരണ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നത്. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരായ നിയമപോരാട്ടം സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നാണ് പൊലീസ് മൂവര്‍ക്കുമെതിരെ കേസെടുത്തത്.
വംശഹത്യയുമായി ബന്ധപ്പെട്ട് ‘നിരപരാധികള്‍’ക്കെതിരെ കള്ളക്കേസ് ചമക്കാന്‍ വ്യാജ തെളിവുകള്‍ സൃഷ്ടിച്ച് മൂവരും നിയമ നടപടിയെ അവഹേളിച്ചുവെന്നാണ് കേസ്. ഹിന്ദുത്വ കലാപകാരികള്‍ ചുട്ടുകൊന്ന മുന്‍ എം.പി ഇഹ്സാന്‍ ജാഫരിയുടെ ഭാര്യ സകിയ, മോദിയടക്കം 63 പേര് കൃത്യവിലോപം കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയടക്കം വ്യജരേഖക്കുള്ള തെളിവാണെന്നാണ് പൊലീസ് ഭാഷ്യം.
ഈ ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു. സുപ്രീംകോടതി നിയോഗിച്ച അന്വേഷണസംഘത്തിനു മുമ്ബാകെ ശ്രീകുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം, സഞ്ജീവ് ഭട്ട് അയച്ച ഇ-മെയിലുകള്‍, ഫാക്സ് എന്നിവയും വ്യാജ തെളിവാണെന്ന് പൊലീസ് അവകാശപ്പെടുന്നു.

