ന്യൂഡല്‍ഹി: അദാനി ഓഹരി വിവാദം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുര്‍ബലപ്പെടുത്തുമെന്നും ഇന്ത്യയില്‍ ജനാധിപത്യ പുനരുജ്ജീവനത്തിനുള്ള വഴിതുറക്കുമെന്നും വിമര്‍ശിച്ച കോടീശ്വരനും നിക്ഷേപകനുമായ ജോര്‍ജ് സോറോസിനെതിരെ രൂക്ഷ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.
ന്യൂയോര്‍ക്കില്‍ നിന്നുള്ള വൃദ്ധന്, പണക്കാരന്. അപകടകാരിയായ വ്യക്തിയെന്നാണ് വിദേശകാര്യമന്ത്രി സോറോസിനെ വിമര്‍ശിച്ചത്. ലോകം തന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് സോറോസിന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. ഓസ്ട്രേലിയന്‍ മന്ത്രി ക്രിസ് ബ്രൗണുമായി നടത്തിയ സംഭാഷണത്തിലാണ് ജയശങ്കര്‍ സോറോസിനെതിരെ രംഗത്തെത്തിയത്.
ഇഷ്ടക്കാര്‍ ജയിച്ചാല്‍ തെരഞ്ഞെടുപ്പ് നല്ലതെന്നും അല്ലെങ്കില്‍ മോശം ജനാധിപത്യമാണെന്നും സോറോസിനെപ്പോലുള്ളവര്‍ പറയുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം വ്യക്തികള്‍ അപകടമാണ്. ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുന്നതിനായി ഇവര്‍ കോടികള്‍ ചെലവാക്കുമെന്നും ജയശങ്കര്‍ കുറ്റപ്പെടുത്തി. നേരത്തെ മറ്റൊരു മന്ത്രി സ്മൃതി ഇറാനിയും സോറോസിനെതിരെ രംഗത്തെത്തിയിരുന്നു.
അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജോര്‍ജ്ജ് സോറോസ് വിമര്‍ശനവുമായി രംഗത്തെത്തിയത്. മോദി ജനാധിപത്യവാദിയല്ലെന്നും അദ്ദേഹത്തിന്റെ രീതി ജനാധിപത്യരീതിയിലല്ലെന്നുമാണ് സോറോസ് വിമര്‍ശിച്ചത്. അദാനി വിഷയത്തില്‍ വിദേശ നിക്ഷേപകരോടും പാര്‍ലമെന്റിനോടും മോദി ഉത്തരം പറയണമെന്നും വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും സോറോസ് കുറ്റപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള സോറോസിന്റെ പരാമര്‍ശത്തില്‍ മന്ത്രിമാര്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തി. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയും കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചത്.
ബോറോസിന്റെ വിമര്‍ശനം ഇന്ത്യയ്ക്കെതിരായ ആക്രമണമാണെന്നും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ കടന്നുകയറാനുള്ള വിദേശശക്തികളുടെ നീക്കത്തെ ഇന്ത്യക്കാര്‍ ചെറുക്കണമെന്നുമായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്.
”സോറോസിന്റെ നീക്കം ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. രാജ്യത്തിന്റെ ആദ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചിട്ടുള്ള ഇത്തരം പല വിദേശശക്തികളെയും ഇന്ത്യ പരാജയപ്പെടുത്തിയിട്ടുണ്ട്. സോറോസിന് ചുട്ടമറുപടി നല്‍കണമെന്ന് എല്ലാ ഇന്ത്യക്കാരോടും ആവശ്യപ്പെടുന്നു” സ്മൃതി ഇറാനി പറഞ്ഞു.
അറിയപ്പെടുന്ന ‘സാമ്ബത്തിക യുദ്ധക്കുറ്റവാളി’യാണ് സോറോസെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ”ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകര്‍ത്ത സോറോസ് ഇപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ സര്‍ക്കാരുകളെ വീഴ്ത്തി തങ്ങള്‍ക്ക് താല്പര്യമുള്ളവരെ അധികാരത്തിലെത്തിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. വിദേശശക്തികള്‍ക്കും ഇന്ത്യന്‍ പൗരന്മാര്ക്കും ഇടയില്‍ ശക്തമായി നിലകൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടുത്ത ലക്ഷ്യം. ഇതൊരു യുദ്ധമായി കണക്കാക്കണം” സ്മൃതി ഇറാനി പറഞ്ഞു.ടിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥിരം വിമര്‍ശകനാണ് ജോര്‍ജ് സോറോസ്. 2020ല്‍ ദാവോസില്‍ നടന്ന ലോക സാമ്ബത്തിക ഫോറത്തിലും സോറോസ്, മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മോദി, ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണെന്ന് സോറോസ് ആരോപിച്ചു.
ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദാക്കിയും ആയിരക്കണക്കിനു മുസ്ലിംകളുടെ പൗരത്വം നഷ്ടപ്പെടുമെന്നു ഭീഷണിപ്പെടുത്തിയുമാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദേശീയത വിപരീതദിശയില്‍ കൂടുതല്‍ മുന്നേറുകയാണെന്നും ഏറ്റവും ഭയപ്പെടുത്തുന്നത് ഇന്ത്യയിലെ സംഭവവികാസങ്ങള്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

