ബാഴ്‌സലോണയുടെ യുവതാരം അന്‍സു ഫതി താന്‍ ബാഴ്സലോണയില്‍ തന്നെ തുടരും എന്ന് അറിയിച്ചു. താരം പ്രീമിയര്‍ ലീഗിലേക്കു പോകും എന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയിലാണ് അന്‍സുവിന്റെ പ്രസ്താവന.
20-കാരനായ ഫോര്‍വേഡ് താന്‍ കറ്റാലന്‍ ക്ലബ്ബിനോട് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധനാണെന്നും ഇനിയും വര്‍ഷങ്ങളോളം ഇവിടെ തുടരാന്‍ ആകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. 2027 ജൂണ്‍ വരെ ബാഴ്‌സലോണയുമായി അന്‍സുവിന് കരാറുണ്ട്.
“എനിക്ക് 2027 ജൂണ്‍ വരെ ബാഴ്‌സലോണയുമായി കരാറുണ്ട്, ഇനിയും വര്‍ഷങ്ങളോളം ഇവിടെ തുടരാന്‍ ആകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” ജുഗോണ്‍സിന് നല്‍കിയ അഭിമുഖത്തില്‍ ഫാത്തി പറഞ്ഞു. ചില പ്രീമിയര്‍ ലീഗ് ക്ലബ്ബുകളില്‍ നിന്ന് സമീപനങ്ങളുണ്ടായിട്ടുണ്ടെന്ന് എനിക്കറിയാം, പക്ഷേ എന്റെ നിലപാട് വ്യക്തമാണ്, ബാഴ്സലോണയില്‍ തുടരാനും എന്റെ കരിയര്‍ ഇവിടെ തന്നെ മികച്ചതാക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അന്‍സു പറയുന്നു.
കൗമാരപ്രായത്തില്‍ തന്നെ ബാഴ്സലോണക്കായി അരങ്ങേറ്റം കുറിച്ച ഫാത്തി ഏവരെയും ഞെട്ടിക്കുന്ന പ്രകടനങ്ങള്‍ കരിയറിന്റെ തുടക്കത്തില്‍ കാഴ്ചവെച്ചിരുന്നു. എന്നാല്‍ കാല്‍മുട്ടിനേറ്റ ഗുരുതരമായ പരിക്ക് അദ്ദേഹത്തെ നീണ്ടകാലം പുറത്തിരുത്തി. പിച്ചിലേക്ക് മടങ്ങിയതിന് ശേഷം തന്റെ മികച്ച ഫോം വീണ്ടെടുക്കാന്‍ അദ്ദേഹം പാടുപെട്ടു എന്ന് പറയാം. ബാഴ്സലോണയില്‍ ഇപ്പോള്‍ സ്ഥിരമായി ആദ്യ ഇലവനില്‍ എത്താനും ഫതിക്ക് ആകുന്നില്ല.

