മതവര്‍ഗീയതയ്ക്ക് എതിരെ മതനിരപേക്ഷത സംരക്ഷിക്കാന്‍ ജീവന്‍ ഷെയറായി നല്‍കിയവരാണ് ഇടതുപക്ഷമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
രാഹുല്‍ ഗാന്ധി വിഷയത്തില്‍ സംഘപരിവാറിന്റെ അമിതാധികാര പ്രവണതയ്ക്കെതിരെ ശക്തമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളതെന്ന് റിയാസ് പറഞ്ഞു. അത് ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ സ്ഥായിയായ നിലപാടുമാണെന്നും റിയാസ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് സമാനമായി നീങ്ങുമ്ബോഴും ഷെയര്‍മാര്‍ക്കറ്റിലെ ചില ഷെയര്‍ ബ്രോക്കര്‍മാരുടെ മനസ്സ് പോലെ, ലാഭനഷ്ടങ്ങളുടെ ചില കള്ളികളില്‍ മാത്രം സമകാലിക രാഷ്ട്രീയത്തെ നോക്കി കാണുന്ന ചിലര്‍ കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്, മതനിരപേക്ഷ ഇന്ത്യക്ക് അപമാനമാണെന്നും റിയാസ് ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് ജയിക്കാന്‍ സംഘപരിവാറിന്റെ ഷെയര്‍ പറ്റി ജീവിച്ചവര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിച്ചാല്‍ ഇങ്ങനെ പലതും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും റിയാസ് വിമര്‍ശിച്ചു.

