ന്യൂഡല്‍ഹി: വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന് അപകടമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ‌്‌രിവാള്‍.നരേന്ദ്രമോദിയുടെ ബിരുദത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഗുജറാത്ത് സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ച ഉത്തരവ് കോടതി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമില്ലേയെന്ന് കേജ്‌രിവാള്‍ സമൂഹ മാദ്ധ്യമത്തിലൂടെ ചോദിച്ചു.
ബിരുദ വിവരങ്ങള്‍ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗുജറാത്ത് ഹൈക്കോടതി, വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട കേജ്‌രിവാളിന് 25000 രൂപ പിഴയും വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേജ്‌രിവാള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ബിരുദത്തെക്കുറിച്ച് വിവരം ആരായുന്നവര്‍ക്ക് പിഴ ഈടാക്കുമോ? എന്താണ് ഇവിടെ സംഭവിക്കുന്നത്. ബിരുദ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ സമര്‍പ്പിക്കുന്നതിനെ പ്രധാനമന്ത്രി ശക്തമായി എതിര്‍ക്കുന്നത് എന്ത്കൊണ്ടാണ്? വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന് വളരെയധികം അപകടകാരിയാണ് കേജ്‌രിവാള്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

