ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിയെ സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി വ്യവസായ വിഭാഗം വൈസ് പ്രസിഡന്റ് എസ്. സെല്‍വകുമാറിനെ (42)യാണ് കോയമ്ബത്തൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
മന്ത്രി സെന്തില്‍ ബാലാജിയെ ലക്ഷ്യമിട്ട് സെല്‍വകുമാര്‍ ‘ഗഞ്ച ബാലാജി’ എന്ന പ്രയോഗം നടത്തിയെന്നായിരുന്നു പരാതി. ഗണപതിപുദൂര് സ്വദേശിയായ ഡിഎംകെ പ്രവര്ത്തകന് സുരേഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ശെല്‍വകുമാറിനെ അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ ആറിനും 11നും ഇടയിലാണ് ഇയാള്‍ കേസിനാസ്പദമായ വിവാദ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു. ഐപിസി 505 (1) (ബി), ഐ.ടി ആക്ടിലെ 66 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ബുധനാഴ്ച വൈകിട്ട് കോയമ്ബത്തൂരിലെ നാലാം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേറ്റ് ആര്. ശരവണ ബാബു ഏപ്രില്‍ 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അതേസമയം, അറസ്റ്റിനെതിരെ ബിജെപി രം?ഗത്തെത്തി. മുന്‍കൂര്‍ വിവരം നല്‍കാതെയാണ് സെല്‍വകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ബാലാജി ഉത്തമരാമസാമി ആരോപിച്ചു. പൊലീസ് ഇത്തരം നടപടികള്‍ അവസാനിപ്പിക്കണം. ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയാണെന്നും ഇതിനെ അപലപിക്കുന്നതായും ഉത്തമരാമസാമി പറഞ്ഞു.

