ന്യൂഡല്‍ഹി: വിവാഹ ബന്ധത്തില്‍ വീണ്ടെടുക്കാനാവാത്ത വിധം തകര്‍ച്ചനേരിട്ടെന്ന് ബോധ്യമായാല്‍ കാലതാമസമില്ലാതെ സുപ്രീംകോടതിക്ക് ഭരണഘടനയിലെ 142ാം ആര്‍ട്ടിക്കിള്‍ പ്രകാരം വിവാഹമോചനം അനുവദിക്കാമെന്ന് ഭരണഘടനാബെഞ്ചിന്റെ ഉത്തരവ്.
അത് ഇതുവരെ നിയമപരമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇത് പൊതു നയത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ക്ക് എതിരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹത്തില്‍ വീണ്ടെടുക്കാനാകാത്ത തകര്‍ച്ചകള്‍ എങ്ങനെയെല്ലാമെന്നതും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീണ് ഖന്ന, എ.എസ് ഒക, വിക്രം നാഥ്, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. സംരക്ഷണം, ജീവനാംശം, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവ എങ്ങനെ തുല്യമായി വീതിക്കണം.
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ലെന്നും അതേസമയം, ഇത് നിബന്ധനകള്‍ക്ക് വിധേയമാണെന്നും കോടതി വ്യക്തമാക്കി.
പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13B പ്രകാരമുള്ള ആറുമാസത്തെ നിര്‍ബന്ധിത കാലയളവ് ഒഴിവാക്കണമോ എന്ന കാര്യമാണ് ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. അതില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കൂട്ടിയോജിപ്പിക്കാനാകാത്ത വിധം തകര്‍ന്ന ബന്ധങ്ങളിലെ വിവാഹമോചനവും പരിഗണിച്ചത്.
കൂട്ടിയോജിപ്പിക്കാനാകാത്ത വിധം തകര്‍ന്ന ബന്ധമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടെങ്കിലും കക്ഷികളില്‍ ഒരാള്‍ ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ 142 പ്രകാരമുള്ള അധികാരം പ്രയോഗിക്കാമോ എന്ന് പരിശോധിക്കണമെന്നായിരുന്നു 2022 സെപ്തംബറില്‍ കോടതി നിരീക്ഷിച്ചിരുന്നത്.

