മലപ്പുറം: ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ മുതിര്‍ന്ന സിപിഐ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് ഉറപ്പായി.
മുന്നണിയെന്ന നിലയില്‍ ചെയ്യേണ്ട പരിപാടി സിപിഎം ഒറ്റയ്ക്ക് സംഘടിപ്പിക്കുന്നതിലാണ് സിപിഐ നേതാക്കള്‍ക്ക് അതൃപ്തി. കൂടാതെ മുസ്ലിംലീഗിനെ ഒപ്പം നിര്‍ത്താൻ നടത്തിയ ശ്രമങ്ങളും സിപിഐക്ക് ഇഷ്ടമായിട്ടില്ല.
ഇപ്പോഴത്തെ നിലയില്‍ മുതിര്‍ന്ന സിപിഐ നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കില്ല. താൻ പങ്കെടുക്കില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി. നേരത്തെ തീരുമാനിച്ച പരിപാടികള്‍ ഉള്ളതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നും തന്നെ അറിയിക്കാതെയാണ് പാര്‍ട്ടി തന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കാരയിലും എറണാകുളത്തും മറ്റ് പരിപാടികള്‍ ഉണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. സിപിഎം സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കുന്നതില്‍ അതൃപ്തിയുടെ വിഷയം ഉദിക്കുന്നില്ല. സിപിഐ പ്രതിനിധിയായി ഇകെ വിജയൻ സെമിനാറില്‍ പങ്കെടുക്കും. കേരളത്തില്‍ എല്ലാവരും ഒരുമിച്ചുള്ള പരിപാടികള്‍ എളുപ്പമല്ലെന്നും എന്നാല്‍ എല്ലാവര്ക്കും ഒരേ നിലപാടാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് വിഷത്തില്‍ ഏകപക്ഷീയമായി സിപിഎം പ്രഖ്യാപിച്ച സമര പരിപാടികളില്‍ തന്ത്രപരമായി നിലപാടെടുക്കുകയാണ് സിപിഐ. ഈ മാസം 15 നാണ് കോഴിക്കോട്ട് സെമിനാര്‍ നിശ്ചയിച്ചിരിക്കുന്നത്. സെമിനാറിലേക്ക് പാര്‍ട്ടി ജില്ലാ നേതാക്കളെ മാത്രം അയക്കാനാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം.
മുന്നണിയില്‍ കൂടിയാലോചിക്കാതെ എടുത്ത തീരുമാനത്തിലും മുസ്ലിം ലീഗിനെ സഹകരിപ്പിക്കാനുള്ള നീക്കത്തിലും കടുത്ത അതൃപ്തിയാണ് സിപിഐ സംസ്ഥാന നേതൃത്വത്തിന് ഉള്ളത്. അതുകൊണ്ട് തന്നെ പ്രതിഷേധം അറിയിക്കുന്നതിന് ഒപ്പം മുന്നണിയില്‍ നിസ്സഹകരിച്ചെന്ന തോന്നലുണ്ടാകാതിരിക്കാൻ കൂടിയാണ് സിപിഐ ഇടപെടല്‍. ദേശീയ കൗണ്‍സില്‍ നടക്കുന്നതിനാല്‍ നേതാക്കള്‍ ഡല്ഹിയിലാകുമെന്ന ന്യായീകരണമാണ് നേതൃത്വം നല്‍കുന്നത്.

