തിരുവനന്തപുരം : നിലവിലുള്ള 22 സിറ്റിംഗ് എം.എല്‍.എ മാരില്‍ 20 പേര്‍ക്ക് സീറ്റ് നല്കാന് കോണ്‍ഗ്രസ്സില്‍ ധാരണ. കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍, തൃപ്പൂണിത്തുറ എം.എല്‍.എ. കെ.ബാബു എന്നിവര്‍ക്കാണ് സീറ്റ് നഷ്ടമാകുന്നത്. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്. പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പള്ളി എന്നിവരെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പുതുമുഖത്തെ കൊണ്ടുവന്നാല്‍ കാലുവാരല്‍ ഉണ്ടാകുമെന്ന ഭീതിയെ തുടര്‍ന്നാണ് നിലവില്‍ ഉള്ളവരെ നിലനിര്‍ത്തുവാന്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടുള്ളത്. സ്ത്രീ പീഡന പരാതിയുടെ പേരില്‍ എല്‍ദോസ് കുന്നപ്പള്ളിയെ മാറ്റി നിര്‍ത്തിയാല്‍ ഇതേ ആരോപണം നേരിടുന്ന കോവളം എം.എല്‍.എ. എം. വിന്‍സന്റിനെയും ഒഴിവാക്കേണ്ടിവരും. ഇത് ഒഴിവാക്കാനാണ് ഒരു ഇളക്കി പ്രതിഷ്ഠ വേണ്ട എന്ന തീരുമാനത്തില്‍ എത്തിയത്. സിറ്റിംഗ് എം.എല്‍.എ. മാരുടെ ആദ്യവട്ട പട്ടിക ഈ മാസം തന്നെ ഹൈക്കമാന്‍ഡ് പുറപ്പെടുവിക്കും എന്നാണ് സൂചന

