എറണാകുളം: കൊച്ചിയില്‍ മെട്രോ ആരംഭിച്ചു 5 വര്‍ഷം പിന്നിടുമ്പോഴും രണ്ടാം ഘട്ടത്തിന് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിച്ചിട്ടില്ല.
കേന്ദ്ര മന്ത്രിസഭയുടെ അജണ്ടയില്‍ ഉള്‍പ്പെട്ട്, ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയ്ക്കാണ് ഈ ദുര്‍വിധി. പദ്ധതിയുടെ അനുമതിയ്ക്ക് തടസമൊന്നും കാണുന്നില്ലെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
രണ്ടാം ഘട്ട വികസനവുമായി ബന്ധപ്പെട്ട് ബജറ്റിലടക്കം തുക വകയിരുത്തിയെങ്കിലും അന്തിമ അനുമതി എന്ന കടമ്പ ഇതുവരെ കടന്നിട്ടില്ല. ഇതിന് ശേഷം മന്ത്രിസഭയുടെ പരിഗണനയില്‍ എത്തിയ കാന്‍പൂര്‍, നാഗ്പൂര്‍ മെട്രോകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാം ഘട്ടത്തിനുള്ള റോഡ് വീതി കൂട്ടല്‍ ഉള്‍പ്പെടെയുള്ള പ്രാരംഭ ജോലികള്‍ നടക്കുന്നുണ്ടെങ്കിലും കേന്ദ്രാനുമതിക്കായി കാത്തിരിക്കുകയാണ് കെഎംആര്‍എല്‍.
11.2 കിലോ മീറ്ററാണ് രണ്ടാം ഘട്ടത്തിന്റെ ദൈര്‍ഘ്യം. 11 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന പദ്ധതിയ്ക്ക് 2300 കോടി രൂപ ചെലവ് വരും. ഇതിനോടകം 45 ശതമാനം സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. ബാക്കിയുള്ള സ്ഥലം ഏറ്റെടുക്കലിനുള്ള പണം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു. അത് കിട്ടിയാല്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ണമായി പൂര്‍ത്തിയാക്കാന്‍ കഴിയും. പാലാരിവട്ടം മുതല്‍ കാക്കനാട് വരെയുള്ള റോഡിന്റെ വീതി കൂട്ടലും പുരോഗമിക്കുകയാണ്. കേന്ദ്രാനുമതി ലഭിച്ചാല്‍ 23 മാസം കൊണ്ട് രണ്ടാം ഘട്ടം പൂര്‍ത്തീകരിക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്.

