ഡല്‍ഹി: ജൂലൈ 21ന് കോണ്‍ഗ്രസ് അധ്യക്ഷയെ ഇഡി ആദ്യ ഘട്ടമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ അന്ന് സാധിച്ചിരുന്നില്ല. ഇതിന്റെ ഭാഗമായാണ് ജൂലൈ 26 ന് ഹാജരാകാന്‍ ഇഡി നിര്‍ദേശം നല്‍കിയത്.
ഇതിനിടെ സോണിയ ഗാന്ധിക്കെതിരായ ഇ ഡി നടപടിക്കെതിരെ രാജ്ഘട്ടില്‍ പ്രതിഷേധിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിന് തിരിച്ചടി. രാജ്ഘട്ടില്‍ പ്രതിഷേധത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. ഇതോടെ എ ഐ സി സി ആസ്ഥാനത്ത് പ്രതിഷേധിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചിരിക്കുകയാണ്.
ഇന്ന് രാജ്യവ്യാപക സത്യാഗ്രഹ സമരത്തിനാണ് നേതൃത്വം ആഹ്വാനം ചെയ്തത്. സത്യഗ്രഹം സമാധാനപരമായി നടത്തണം എന്നാണ് നേതാക്കളുടെ നിര്‍ദേശം. ഡല്‍ഹി സത്യഗ്രഹത്തില്‍ എംപിമാര്‍, പ്രവര്‍ത്തക സമിതിയംഗങ്ങളുള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും. സമരം സമാധാനപരമായി നടത്താനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാജ്ഘട്ടിനെ സമരത്തിന്റെ പ്രധാന വേദിയാക്കാനുള്ള തീരുമാനം. എന്നാല്‍ ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചതോടെ വേദി മാറ്റുകയായിരുന്നു.

