ചെന്നൈ: പൊള്ളാച്ചിയില്‍ കള്ളപ്പണ ഇടപാടിന്റെ മറവില്‍ നോട്ടുകള്‍ക്ക് പകരം കടലാസ് കഷ്ണങ്ങള്‍ നല്‍കി അഞ്ചു ലക്ഷം തട്ടിയ കേസില്‍ മലയാളി അറസ്റ്റില്‍.
പാലക്കാട് സ്വദേശി ഷണ്മുഖത്തെ കോയമ്ബത്തൂര്‍ കമ്മിഷണറുടെ പ്രത്യേക സംഘമാണ് ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പിടികൂടിയത്.
പെട്ടെന്ന് പണക്കാരനാകാന്‍ മോഹിക്കുന്നവരെ സമര്‍ഥമായി പറ്റിച്ചു പണം കവരുന്നതാണ് പാലക്കാട് മേനമ്ബാറ സ്വദേശി ഷണ്മുഖത്തിന്റെ രീതി.
രണ്ടാഴ്ച മുന്‍പാണ് പൊള്ളാച്ചി ഒടിയകുളത്ത് സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന രാജേന്ദ്രനെ ഷണ്മുഖം ഫോണ്‍ വിളിക്കുന്നത്. പാലക്കാട് നിന്നാണെന്നും കയ്യില്‍ കണക്കില്ലാത്ത പണമുണ്ടെന്നും പറഞ്ഞു.
രേഖകള്‍ ഉള്ള പണം നല്‍കിയാല്‍ അതിന്റെ ഇരട്ടി കള്ളപ്പണം നല്‍കാം എന്നു വാഗ്ദാനം ചെയ്തു. ഇതു വിശ്വസിച്ച രാജേന്ദ്രന്‍ ഷണ്മുഖത്തോട് പൊള്ളാച്ചി മുല്ലുപടി റെയില്‍വേ ഗേറ്റിന് സമീപം എത്താന്‍ ആവശ്യപ്പെട്ടു.
അവിടെ വച്ച് 25000 രൂപ കൈമാറി. ഉടന്‍ തന്നെ ഷണ്മുഖം 50,000 രൂപ നല്‍കി രാജേന്ദ്രന്റെ വിശ്വാസം പിടിച്ചു പറ്റി.
ദിവസങ്ങള്‍ക്കുശേഷം ഷണ്മുഖം വീണ്ടും രാജേന്ദ്രനെ ഫോണില്‍ വിളിച്ചു. 5 ലക്ഷം രൂപ നല്‍കിയാല്‍ പത്തുലക്ഷമായി ഇരട്ടിപ്പിച്ചു നല്‍കാമെന്നായിരുന്നു വാഗ്‌ദാനം. പണവുമായി മുല്ലുപടി റെയില്‍വേ ഗേറ്റിനു സമീപത്തു എത്താനായിരുന്നു നിര്‍ദേശം. ഇതില്‍ വീണുപോയ രാജേന്ദ്രന്‍ അഞ്ച് ലക്ഷം രൂപയുമായി തൊട്ടടുത്ത ദിവസം മുല്ലുപടി റെയില്‍വേ ഗേറ്റ് സമീപത്തെത്തി കാത്തു നിന്നു.
ഭാര്യ സഹോദരന്‍ ബാലകൃഷ്ണ മൂര്‍ത്തിയെയും സതീഷ് കുമാര്‍ എന്നയാളെയും രാജേന്ദ്രന്‍ കൂടെ കൂട്ടിയിരുന്നു. ഷണ്മുഖമെത്തി 10 ലക്ഷം രൂപയുണ്ടെന്നു പറഞ്ഞു വലിയൊരു കവര്‍ മൂവര്‍ക്കും കൈമാറി.
ഭദ്രമായി പൊതിഞ്ഞ കവര്‍ പൊട്ടിച്ചു പണം എണ്ണി തിട്ടപെടുത്താന്‍ രാജേന്ദ്രനും ഭാര്യ സഹോദരനും ഒരുങ്ങുന്നതിനിടെ ആദായ നികുതി ഉദ്യോഗസ്ഥര്‍ വരാന്‍ ഇടയുണ്ടെന്നും ഇത്രയും വേഗം പണവുമായി പോകാനും പ്രതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് പണമടങ്ങിയ കവറുമായി രാജേന്ദ്രനും സംഘവും ഉടന്‍ സ്ഥലം വിടുകയും ചെയ്തു.
വീട്ടിലെത്തി കവര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ നോട്ടുകളുടെ അതേ വലുപ്പത്തില്‍ മുറിച്ച് അട്ടിയാക്കി വച്ച കടലാസ് കഷ്ണങ്ങള്‍ മാത്രമായിരുന്നു ബാഗിലുണ്ടായിരുന്നത്. ഷണ്മുഖത്തെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയതുമില്ല. ഇതോടെയാണ് ചതിക്കപ്പെട്ടുവെന്ന് രാജേന്ദ്രന് മനസ്സിലായത്

