തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി ആര്യ രാജേന്ദ്രന്‍.
കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരുമെന്നും ആര്യ പറഞ്ഞു. രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്നില്‍ നടന്ന പ്രതിഷേധത്തോട് പ്രതികരിക്കുകയായിരുന്നു ആര്യ രാജേന്ദ്രന്‍.
“55 കൗണ്‍സിലര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയാണ് ചുമതലയേറ്റത്. കൗണ്‍സിലര്‍മാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുകയാണ്. അതിന്‍റെ ഭാഗമായി എനിക്ക് പറയാനുള്ളത് ക്രൈംബ്രാഞ്ചും കേട്ടു. നഗരസഭ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും മറ്റ് പൊതുകാര്യങ്ങളും പ്രസ്താവനയുടെ ഭാഗമായി പരാമര്‍ശിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങള്‍ സ്വാഭാവികമായും മുന്നോട്ട് പോകും. കോടതി അയച്ച നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല”. ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും പരാതി വെറുതെയല്ല നല്‍കിയതെന്നും ആര്യ പറഞ്ഞു.
മോഷ്ടിച്ച പണവുമായി മേയറു കുട്ടിയെ കോഴിക്കോട്ടേക്ക് അയയ്ക്കണമെന്ന ജെബി മേത്തറുടെ പരാമര്‍ശത്തിനും ആര്യ മറുപടി നല്‍കി. ഒരു വനിതാ എം.പി അതിന്‍റെ ഭാഗമാണെന്നത് വേദനാജനകമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ ഇത് പറയുന്നത് ശരിയല്ല. ആവശ്യമെങ്കില്‍ ജെബി മേത്തര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആര്യ പറഞ്ഞു.

