ന്യൂഡല്‍ഹി: ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം അപകടം വലിയ ദുരന്തമാണെന്നും ഗുജറാത്ത് ഹൈക്കോടതി കൃത്യമായ ഇടവേളകളില്‍ വാദം കേള്‍ക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
47 കുട്ടികള്‍ ഉള്‍പ്പെടെ 140 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ജുഡീഷല്‍ അന്വേഷണ ക്കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.
ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ക്ക് എന്ത് ആക്ഷേപമുണ്ടെങ്കിലും അവിടെ ഉന്നയിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. തൂക്കുപാലത്തിന്‍റെ പരിപാലനച്ചുമതലയുണ്ടായിരുന്ന കമ്ബനി മാനേജ്മെന്‍റിന്‍റെ അറസ്റ്റ്, തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ഉത്തരവാദിത്തം, കൃത്യമായ നഷ്ടപരിഹാരം ഈ കാര്യങ്ങള്‍ ഗുജറാത്ത് ഹൈക്കോടതി കേസ് പരിഗണിക്കുന്പോള്‍ മുന്പിലുണ്ടാകുമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

