ബംഗളൂരു: മംഗളൂരുവിലെ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്‍ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ (ഐ.ആര്‍.സി) ഏറ്റെടുത്തതായി സന്ദേശം.
എന്നാല്‍, പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ഐ.ആര്‍.സിയുടെ ലെറ്റര്‍ ഹെഡില്‍ ഇന്റലിജന്‍സ് ബ്യൂറോക്ക് ലഭിച്ച കത്തിന്റെയും സംഘടനയുടെയും നിജസ്ഥിതി സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അലോക് കുമാറിന് കത്തില്‍ ഭീഷണിയുണ്ട്.
കത്ത് എവിടെനിന്നയച്ചുവെന്നത് സംബന്ധിച്ച് സൂചനകളില്ലെന്നും ഐ.ആര്‍.സിയെ കുറിച്ച് മുമ്ബ് കേട്ടിട്ടില്ലെന്നും പൊലീസ് പ്രതികരിച്ചു. കേസിലെ മുഖ്യപ്രതി ശിവമൊഗ്ഗ തീര്‍ഥഹള്ളിയില്‍ താമസിക്കുന്ന ഷാരിഖിന്റെ (29) ഫോട്ടോ ചേര്‍ത്ത കത്ത് ഇംഗ്ലീഷിലാണ് ടൈപ് ചെയ്തിട്ടുള്ളത്.
‘മംഗളൂരുവിലെ കാവി തീവ്രവാദികളുടെ കോട്ടയായ കദ്രിയിലെ ഹിന്ദുത്വ ക്ഷേത്രം ആക്രമിക്കാന്‍ തങ്ങളുടെ പോരാളിയായ സഹോദരന്‍ ശ്രമം നടത്തി’ എന്നാണ് കത്തിലെ പ്രധാന വരി. ഓപറേഷന്‍ ലക്ഷ്യം കണ്ടില്ലെങ്കിലും അതൊരു വിജയമായാണ് കാണുന്നത്. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഇന്റലിജന്‍സ് ഏജന്‍സികള്‍ പിന്തുടരുന്ന തങ്ങളുടെ സഹോദരന് അവരെ ഒളിച്ചുകടക്കാമായിരുന്നിട്ടും ആക്രമണത്തിനുവേണ്ടി തയാറെടുപ്പുകള്‍ നടത്തുകയായിരുന്നു.
തങ്ങളുടെ സഹോദരന്റെ അറസ്റ്റില്‍ സന്തോഷിക്കുന്ന എ.ഡി.ജി.പി അലോക് കുമാറിനെ പോലുള്ളവരുടെ സന്തോഷത്തിന് അല്‍പായുസ്സാണെന്നും അടിച്ചമര്‍ത്തലിന്റെ ഫലം വൈകാതെ നിങ്ങള്‍ അനുഭവിക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് കദ്രിയിലെ പ്രശസ്ത മഞ്ജുനാഥ ക്ഷേത്രത്തെ ലക്ഷ്യമിട്ടതെന്നു പറയപ്പെടുന്ന സ്ഫോടനം അരങ്ങേറിയത്. പ്രഷര്‍ കുക്കറില്‍ ഒരുക്കിയ സ്ഫോടക വസ്തുക്കളുമായി ശിവമൊഗ്ഗ തീര്‍ഥഹള്ളി സ്വദേശി ഷാരിഖ് (29) ഓട്ടോയില്‍ പോകവെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഷാരിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ശരീരത്തിന്റെ 40 ശതമാനവും പൊള്ളലേറ്റ ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായതിനാല്‍ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടില്ല.
ഷാരിഖ് തങ്ങിയ ലോഡ്ജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു
നെടുമ്ബാശ്ശേരി: മംഗളൂരു സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ് തങ്ങിയ ലോഡ്ജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദപരിശോധനക്കായി സംസ്ഥാന പൊലീസിലെ തീവ്രവാദവിരുദ്ധ വിഭാഗം ശേഖരിച്ചു.
സെപ്റ്റംബര്‍ 13 മുതല്‍ 18 വരെയാണ് ഇയാള്‍ ലോഡ്ജിലുണ്ടായിരുന്നത്. പ്രേംരാജ് എന്ന പേരിലാണ് മുറിയെടുത്തത്. ഭക്ഷണം കഴിക്കാനൊഴികെ കൂടുതല്‍ സമയവും ഇയാള്‍ ലോഡ്ജില്‍ തന്നെയായിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി. 17 ദിവസം വരെ മാത്രം ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന സി.സി.ടി.വി സംവിധാനമാണ് ഇവിടെയുള്ളത്.
ഈ ദിവസങ്ങളില്‍ വിദേശ കോളുകളുണ്ടോയെന്നറിയാന്‍ വിശദ പരിശോധന വേണ്ടിവരും. തങ്ങിയ ദിനങ്ങളിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകുമോയെന്ന് പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ട്. അഞ്ച് ദിവസം ഇവിടെ താമസിച്ചിരുന്നുവെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് സ്ഥിരീകരിച്ചിരുന്നു.
ശരീരവണ്ണം കുറക്കുന്നതിനുള്ള ചില വസ്തുക്കളും ഫേസ്‍വാഷും ഓണ്‍ലൈനായി ഇവിടെവെച്ച് ഷാരീഖ് വാങ്ങിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സഹായം കിട്ടിയോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.

