ദില്ലി : ജസ്റ്റിസ് ദീപാങ്കര്‍ ദത്തെയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു അദ്ദേഹം.
കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകരിച്ചതായുള്ള വിജ്ഞാപനം പുറത്തിറങ്ങിയതോടെ ആണ് നിയമനം. സെപ്റ്റംബര്‍ 26നാണ് ദീപാങ്കര്‍ ദത്തയെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. 75 ദിവസത്തിന് ശേഷമാണ് വിജ്ഞപാനം പുറത്തിറങ്ങുന്നത്. ജഡ്ജി നിയമനത്തിലെ കൊളീജിയം ശുപാര്‍ശ അംഗീകരിക്കുന്നതില്‍ സര്‍ക്കാര്‍ വൈമുഖ്യം കാണിക്കുന്നതിലെ സുപ്രീംകോടതി വിമര്‍ശനം നിലനില്‍ക്കെയാണ് ഉത്തരവ് പുറത്തിറങ്ങുന്നത്.
അതേസമയം ജഡ്ജി നിയമന വിഷയത്തില്‍ സര്‍ക്കാരും സുപ്രീം കോടതിയും ഇരു ചേരിയിലാണ്. ഇത് രാഷ്ട്രീയ ആയുധമാക്കാന്‍ ഉള്ള ശ്രമത്തിലാണ് പ്രതിപക്ഷം. ജുഡീഷ്യറിയെ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു. എന്നാല്‍ വിഷയം എങ്ങനെ മുന്നോട്ട് പോകുമെന്ന നിരീക്ഷിച്ച ശേഷം നടപടി കടുപ്പിക്കാമെന്നാണ് ചില പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. ജഡ്ജി നിയമന വിഷയത്തില്‍ സുപ്രീംകോടതിയും സര്‍ക്കാരും തമ്മില്‍ വാക്പോര് തുടരുകയാണ്. ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനമുയര്‍ത്തുന്ന പ്രതിപക്ഷം, അതിന് ഉദാഹരണമായാണ് കൊളീജിയം വിവാദം ചൂണ്ടിക്കാണിക്കുന്നത്.

