ന്യൂഡല്‍ഹി: തെലങ്കാന ഓപ്പറേഷന് താമരയിലെ പ്രതിക്കെതിരെ വ്യാജരേഖ നിര്‍മാണ കേസിലെ അന്വേഷണം പുരോഗമിക്കുന്നു.
പിടിയിലായ ഏജന്റ് രാമചന്ദ്ര ഭാരതിയാണ് വ്യാജ പാസ്പോര്‍ട്ട് ചമച്ച കേസിലും പ്രതിയായത്. ടി ആര് എസ് എം എല്‍ എ മാര്‍ക്ക് നല്‍കാനുള്ള പണവുമായി എത്തിയപ്പോള്‍ തെലങ്കാന പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
രോഹിത് റെഡ്ഢി ഉള്‍പ്പെടെയുള്ള ടി.ആര്.എസ് എം.എല്‍.എമാരെ ബിജെപിയില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കോടിക്കണക്കിന് രൂപയുമായി പ്രത്യേക അന്വേഷണ സംഘം രാമചന്ദ്ര ഭാരതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്ടോപ് പരിശോധിച്ചപ്പോള്‍ ഒരേ ഫോട്ടോയില്‍ വിവിധ തരം പാസ്പോര്ട്ടുകള് കണ്ടെത്തുകയായിരുന്നു. ഒന്ന് രാമചന്ദ്ര ഭാരതി എന്നാണെന്നെകില് അടുത്തത് രാമചന്ദ്ര സ്വാമി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നും കുമാര്‍ ശര്‍മ്മ എന്ന പേരില്‍ 2019 ഇല് പാസ്പോര്‍ട്ട് സംഘടിപ്പിച്ചു. വിവിധ വിലാസങ്ങളില്‍ പാസ്പോര്‍ട്ട് നേടിയെടുക്കാനായി ആധാര്‍ കാര്‍ഡ് ,പാന്‍ കാര്‍ഡ് എന്നിവ വ്യാജമായി സൃഷ്ടിക്കാന്‍ ആരുടെയൊക്കെ സഹായം തേടിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
എം.എല്‍.എമാരെ വിലക്കെടുക്കാന്‍ പ്രലോഭനങ്ങളും ഭീഷണിയുമായും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് രാമചന്ദ്ര ഭാരതിയായിരുന്നു. ബിജെപി ദേശീയവും ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരോട് രാമചന്ദ്രഭാരതി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ കൈമാറിയിട്ടുണ്ട്.

