പട്ന: വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ 39 ആയിട്ടും
നഷ്ടപരിഹാരം നല്‍കില്ലെന്ന നിലപാടില്‍ നിന്നും തെല്ലിട മാറാതെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
“മദ്യപിക്കുന്നവര്‍ മരിക്കും. ബീഹാറിലെ സ്ത്രീകളുടെ മുറവിളി മൂലമാണ് മദ്യനിരോധനം നടപ്പാക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല,” അദ്ദേഹം പറഞ്ഞു.
അതേസമയം സാരന്‍ ജില്ലയിലെ മദ്യദുരന്തവുമായി ബന്ധപ്പെട്ട് നിയമസഭ ഇന്നും പ്രക്ഷുബ്ധമായിരുന്നു. പ്ലക്കാര്‍ഡുകളുമായി എത്തിയ ബി.ജെ.പി അംഗങ്ങളുടെ ബഹളം അവഗണിച്ചാണ് സ്പീക്കര്‍ സഭാനടപടികള്‍ തുടര്‍ന്നത്. നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയ അംഗങ്ങള്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ ധര്‍ണ നടത്തി. മഹാസഖ്യത്തിലെ ഘടകകക്ഷിയായ സി.പി.ഐ എംഎല്‍എമാരും പ്രതിഷേധിച്ചു.
നിരോധന നയത്തിലെ കര്‍ശന വ്യവസ്ഥകള്‍ പിന് വലിക്കണമെന്നും ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സിപിഐ (എംഎല്)യും ബീഹാറിലെ മദ്യനിരോധന നയം പിന്‍വലിക്കണമെന്ന് ജന സൂരജ് സംഘടനയുടെ നേതാവ് പ്രശാന്ത് കിഷോറും ആവശ്യപ്പെട്ടു. മദ്യനിരോധന നയത്തെ ന്യായീകരിക്കാന്‍ നിതീഷ് അനാവശ്യമായി മഹാത്മാഗാന്ധിയുടെ പേര് വലിച്ചിഴയ്ക്കുകയാണെന്നും മദ്യനിരോധനം നിയമത്തിലൂടെ നടപ്പാക്കണമെന്ന നിലപാട് ഗാന്ധിജിക്കില്ലായിരുന്നെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

