തിരുവനന്തപുരം: കോവളത്തെത്തിയ വിദേശ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തി ഓട്ടോ – ടാക്സി ഡ്രൈവര്‍മാര്‍. ജര്‍മ്മന്‍ സ്വദേശി ബെര്‍ണാര്‍ഡ് സ്റ്റെഫാനാണ് ഡ്രൈവര്‍മാരില്‍ നിന്ന് മോശം അനുഭവമുണ്ടായത്.
രണ്ടാഴ്ച മുമ്ബാണ് സ്റ്റെഫാനെ സുഹൃത്തും ടെക്നോപാര്‍ക്ക് മുന്‍ സി.ഇ.ഒയുമായ ഗിരീഷ് ബാബു സ്വന്തം കാറില്‍ കോവളത്ത് താമസത്തിനെത്തിച്ചത്. അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവം.
ഗിരീഷ് ബാബു പറയുന്നത്: ബുധനാഴ്ച വൈകിട്ട് 4.50ന് ആയിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തന്റെ സ്വന്തം കാറിലാണ് സ്റ്റെഫാനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയത്. ബീച്ചിന് സമീപത്തെ റോഡില്‍ കാര്‍ നിറുത്തിയ ശേഷം സ്റ്റെഫാന്റെ ബാഗുകള്‍ കാറില്‍ കയറ്റുന്നതിനിടെ,ഡ്രൈവറുടെ യൂണിഫോം ധരിക്കാത്ത ഒരാള്‍ അദ്ദേഹത്തെ തടഞ്ഞു. സ്വകാര്യ കാറില്‍ ടൂറിസ്റ്റിനെ കയറ്റാന്‍ പറ്റില്ലെന്നായിരുന്നു വാദം. പിന്നാലെ, കാറിന്റെ തുറന്നു കിടന്ന ഡിക്കിയില്‍ അയാള്‍ ഇരിപ്പുറപ്പിച്ചു. ടൂറിസ്റ്റുകളെ നിങ്ങളുടെ വണ്ടിയില്‍ കൊണ്ടുപോകാനാകില്ലെന്നും, പരാതിയുള്ളവര്‍ പൊലീസിനോട് പറയൂ എന്നും ആക്രോശിച്ചു.ഇതിനിടെ,സ്ഥലത്തെ ഓട്ടോ,ടാക്സി ഡ്രൈവര്‍മാരും
അയാളെ പിന്തുണച്ച് ഭീഷണിയുമായി രംഗത്തെത്തി. താന്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചപ്പോള്‍ മാത്രമാണ് അവര്‍ പിന്മാറിയതും,സ്റ്റെഫാനെ രക്ഷിക്കാനായതും. സംഭവത്തെ കുറിച്ച് വിജിലന്‍സ് മേധാവിയും സുഹൃത്തുമായ മനോജ് എബ്രഹാമിനെ വാട്സ് ആപ്പിലൂടെ അറിയിച്ചിരുന്നു. സംഭവം സിറ്റി പൊലീസ് കമ്മിഷണറെ അറിയിക്കാമെന്ന് മനോജ് എബ്രഹാം മറുപടി നല്‍കി. ഒരു പൊലീസുകാരന്‍ പോലും അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല.
കോവളത്ത് ഇപ്പോള്‍ വിദേശ ടൂറിസ്റ്റുകള്‍ കുറവാണ് .പലരും എറണാകുളത്തെ ചെറായി
ബീച്ചിലേക്കാണ് പോകുന്നത്.1974ലാണ് സ്റ്റെഫാന്‍ ആദ്യമായി കേരളത്തിലെത്തിയത്. 1985 മുതല്‍ കോവളത്ത് സ്ഥിരമായി എത്താറുണ്ട്. അന്നു മുതല്‍ താനാണ് അദ്ദേഹത്തെ കോവളത്ത് കൊണ്ടുപോകുന്നതും തിരികെ വിളിച്ചുകൊണ്ടു പോകുന്നതും താനാണെന്ന് ഗിരീഷ് പറഞ്ഞു.

