ഡല്‍ഹി: കേന്ദ്ര മന്ത്രിസഭയിലെ ഏക മുസ്ലിം മുഖം മുഖ്താര്‍ അബ്ബാസ് നഖ്വി ന്യൂനപക്ഷ മന്ത്രിസ്ഥാനം രാജിവെച്ചതോടെ മുസ്ലിം സമുദായത്തിന് കേന്ദ്രസര്‍ക്കാറിലെ പ്രാതിനിധ്യം നഷ്ടമായി.
രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളില്‍ പ്രാതിനിധ്യമില്ലാത്ത ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം സമുദായത്തിനാണ് നഖ്വിയുടെ രാജിയോടെ കേന്ദ്ര മന്ത്രിസഭ പ്രാതിനിധ്യവും അവസാനിച്ചത്.
മുസ്ലിംകളിലെ പിന്നാക്കം നില്‍ക്കുന്നവരിലേക്ക് ബി.ജെ.പി എത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ ആഹ്വാനംചെയ്തതിന് പിന്നാലെയാണിത്. രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ ഒരു മുസ്ലിം മന്ത്രി മാത്രമാണുള്ളത്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ളത് -ഏഴുപേര്‍. ക്രിസ്ത്യന്‍, സിഖ് വിഭാഗങ്ങളെ അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന വേളയില്‍ ന്യൂനപക്ഷ മന്ത്രാലയത്തില്‍ നഖ്‌വിക്ക് പകരം ആര് വരുമെന്നുള്ളതും നിര്‍ണായകമാണ്.

