കോഴിക്കോട്: പതിനാറുകാരിയെ ലഹരിമരുന്ന് നല്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ ഒരാള്‍കൂടി പിടിയിലായി.
വിവിധ സംസ്ഥാനങ്ങളിലെ രഹസ്യകേന്ദ്രങ്ങളില്‍ കഴിഞ്ഞ പുറക്കാട്ടിരി സ്വദേശി അരുണ്‍ (27) ആണ് സിറ്റി ക്രൈം സ്ക്വാഡും ഡന്‍സാഫും നടത്തിയ പരിശോധനയില്‍ പിടിയിലായത്. വയനാട്ടിലെ രഹസ്യകേന്ദ്രത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തശേഷം ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജ് അറസ്റ്റ് ചെയ്തു.
അരുണും മുഖ്യപ്രതി നാസറും മുന്‍കൂട്ടി പദ്ധതി തയാറാക്കിയശേഷം പെണ്‍കുട്ടിയെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിക്കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്.
16കാരിയെ കര്‍ണാടകയിലെ ചന്നപട്ടണത്തിനടുത്തുനിന്നാണ് എലത്തൂര്‍ പൊലീസ് മോചിപ്പിച്ചത്. മുഖ്യപ്രതി നാസറിനെയും അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യലിലാണ് സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചത്.
തലക്കുളത്തൂര്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയക്കെതിരെ നാട്ടുകാരുടെ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് സംഘത്തിലെ ഒരാള്‍കൂടി പിടിയിലായത്. വാട്സ്ആപ്പിലൂടെയും മറ്റു സമൂഹമാധ്യമങ്ങളുടെ രഹസ്യ ചാറ്റ് സംവിധാനത്തിലൂടെയും സുഹൃത്തുക്കളോടും ബന്ധുക്കളോടും ആശയവിനിമയം നടത്തിയ പ്രതി പൊലീസ് അന്വേഷിച്ച ആരോടും പിന്നീട് ബന്ധപ്പെടാതെ രഹസ്യകേന്ദ്രങ്ങളില്‍ മാറിമാറി താമസിക്കുകയായിരുന്നു.
ഒന്നര മാസത്തോളം ഒളിവില്‍ കഴിഞ്ഞാണ് പ്രതി ക്രൈം സ്ക്വാഡിന്റെ പിടിയിലകപ്പെട്ടത്. ഇയാള്‍ക്കെതിരെ ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമത്തിന് കേസുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് തട്ടിക്കൊണ്ടുപോവല്‍.
ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത്കുമാര്‍, സി.കെ. സുജിത്ത്, ബിജുമോഹന്‍, എസ്. ദീപ്തീഷ്, ഡന്‍സാഫ് അസി. എസ്.ഐ മനോജ് എടയേടത്ത്, സി.പി.ഒമാരായ അര്ജുന്, അജിത്ത് കാരയില്‍, സുനോജ്, സൈബര്‍ വിദഗ്ധന്‍ പി.കെ. വിമീഷ് എന്നിവരുള്‍പ്പെട്ടതാണ് അന്വേഷണ സംഘം.

