റിയാദ്: നവോദയയുടെ 13-ാം വാര്‍ഷികദിനവും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ സെക്രട്ടറി പി.
കൃഷ്ണപിള്ളയുടെ അനുസ്മരണവും സംഘടിപ്പിച്ചു. യോഗം കുമ്മിള്‍ സുധീര്‍ ഉദ്ഘാടനം ചെയ്തു. പി. കൃഷ്ണപിള്ളയുടെ ജീവചരിത്രം ഒരേ സമയം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും തിരുവിതാംകൂറിന്റെയും മലബാറിന്റെയും സ്വാതന്ത്ര്യസമരചരിത്രം കൂടിയാണെന്ന് സുധീര്‍ ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും അടക്കം നിരവധി പ്രസ്ഥാനങ്ങളുടെയും കര്‍ഷക-തൊഴിലാളി-വിദ്യാര്‍ഥി സംഘടനകളുടെയും നിരന്തര സമരത്തിന്റെ ഫലമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യം.
എന്നാല്‍ അതില്‍ ഒരു പങ്കും വഹിക്കാത്ത സംഘ്പരിവാര്‍ രാജ്യത്തെ ഒറ്റിക്കൊടുത്ത വി.ഡി. സവര്‍ക്കറെ മുന്‍നിര്‍ത്തി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് സുധീര്‍ കുറ്റപ്പെടുത്തി. സംഘ്പരിവാര്‍ ഭരണത്തില്‍ രാജ്യം പിന്നോട്ട് സഞ്ചരിക്കുകയാണ്. പട്ടിണിയില്‍, തൊഴിലില്ലായ്മയില്‍, മനുഷ്യാവകാശ ലംഘനത്തില്‍, വിശ്വാസ സ്വാതന്ത്ര്യത്തില്‍ ഒക്കെ ഇന്ത്യ ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ നാണം കെട്ടിരിക്കുകയാണ്. അഭിപ്രായസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും ഹനിക്കുകയും ജുഡീഷ്യറിയുടെ വിശ്വാസ്യതപോലും തകര്‍ക്കപ്പെടുകയും ചെയ്യുന്ന നാളുകളിലൂടെയാണ് കടന്നുപോകുന്നത്.
ഫാഷിസ്റ്റ് ആശയങ്ങളില്‍നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കൃഷ്ണപിള്ളയുടെ ജീവചരിത്രം പാഠമാവണമെന്നും അദ്ദേഹം പറഞ്ഞു. 13 വര്‍ഷത്തിനിടെ ജീവകാരുണ്യ രംഗത്തും കലാ കായിക രംഗത്തും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നവോദയക്ക് നടത്താനായെന്ന് സെക്രട്ടറി രവീന്ദ്രന് പയ്യന്നൂര്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന് പയ്യന്നൂര്‍ സ്വാഗതവും ഷൈജു ചെമ്ബൂര് കൃഷ്ണപിള്ള അനുസ്മരണവും നടത്തി. നൗഷാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇബ്രാഹിം, ബാബുജി, അയൂബ് കരൂപ്പടന്ന എന്നിവര്‍ സംസാരിച്ചു. മിഥുന് നന്ദി പറഞ്ഞു.

