ഇന്ത്യൻ വാഹന വിപണിയില്‍ എസ്‌യുവികളുടെ ഡിമാൻഡ് വര്‍ധിച്ചു വരികയാണ്. പ്രതിമാസ വില്‍പ്പനയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആദ്യ 10 കാറുകളുടെ പട്ടികയില്‍ എസ്‌യുവികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇതോടെ വ്യത്യസ്ത തരം എസ് യു വികള്‍ പുറത്തിറക്കാനായി പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.
ഇനി വരാനിരിക്കുന്ന പുതിയ എസ് യു വി മോഡലുകളില്‍ മിക്കതും മിഡ് – സൈസ്, കോംപാക്റ്റ് എസ്‌യുവി തുടങ്ങിയ സെഗ്‌മെന്റുകളില്‍ ഉള്‍പ്പെടുന്നവയാകാനാണ് സാധ്യത. ന്യായമായ വില തന്നെയാകും കമ്ബനികള്‍ ലക്ഷ്യമിടുന്നത്. അതിനാല്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്ന 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള എസ്‌യുവികള്‍ ഏതൊക്കെയാണ് നോക്കാം.
:ഥാറിനും ഗൂര്‍ഖയ്ക്കും വെല്ലുവിളി; മാരുതി സുസുക്കി ജിംനി ഇന്ത്യയിലെത്തി, വില വിവരങ്ങള്‍ അറിയാം
ഹോണ്ട എലിവേറ്റ്
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട എലിവേറ്റ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ആഭ്യന്തര വിപണിയില്‍ ഹോണ്ട അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന 4 എസ്‌യുവികളില്‍ ആദ്യത്തേതാണ് പുതിയ എലിവേറ്റ്. 6 – സ്പീഡ് എംടി, സിവിടി എന്നീ ഓപ്ഷനുകളോടെ 1.5 ലിറ്റര്‍ എൻഎ പെട്രോള്‍ എഞ്ചിനാണ് എലിവേറ്റിന് കരുത്തേകുക. എലിവേറ്റ് എസ്‌യുവി അവതരിപ്പിച്ച വേളയില്‍ വാഹനത്തിൻ്റെ ഓള്‍-ഇലക്‌ട്രിക് പതിപ്പും ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്ബനി അറിയിച്ചിരുന്നു. 3 വര്‍ഷത്തിനുള്ളില്‍ പുതിയ ഇലക്‌ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇലക്‌ട്രിക് പതിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താൻ കമ്ബനി തയ്യാറായില്ല.
ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്
എസ് യു വി സെഗ്മെൻ്റില്‍ മത്സരം കടുത്തതോടെ മുഖം മിനുക്കി അവതരിക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായ് ക്രെറ്റ. മിഡ് – സൈസ് എസ്‌യുവി വിപണിയിലേക്ക് കടന്നു വരുന്ന പുതിയ എതിരാളികളെ നേരിടാൻ പുത്തൻ സ്റ്റൈലിംഗും മെക്കാനിക്കല്‍ മാറ്റങ്ങളുമാണ് ഹ്യുണ്ടായ് ക്രെറ്റയില്‍ പരീക്ഷിക്കാൻ ദക്ഷിണ കൊറിയൻ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് പദ്ധതിയിടുന്നത്. ഇന്ത്യയിലേക്ക് മിഡ്-സൈസ് എസ്‌യുവിയായ ക്രെറ്റയുടെ എൻ-ലൈൻ പതിപ്പ് പോലും ഹ്യുണ്ടായ് കൊണ്ടുവന്നേക്കാമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്
ദക്ഷിണ കൊറിയൻ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ എസ്‌യുവികളിലൊന്നാണ് സെല്‍റ്റോസ്. എന്നാല്‍, കുറച്ചുകാലമായി സെല്‍റ്റോസിന് കാര്യമായ അപ്‌ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സെല്‍റ്റോസിൻ്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനാണ് കിയ പദ്ധതിയിടുന്നത്. ഈ പുതിയ പതിപ്പിന് സ്റ്റൈലിംഗും മെക്കാനിക്കല്‍ മാറ്റങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, വാഹനത്തിന്റെ ഫീച്ചറുകളിലും മാറ്റങ്ങള്‍ ഉണ്ടായേക്കാം എന്നാണ് വിവിധ ഓട്ടോമൊബൈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഹീന്ദ്ര ഥാര്‍ 5-ഡോര്‍
മാരുതി സുസുക്കി ജിംനി 5-ഡോര്‍ പതിപ്പിന്റെ ലോഞ്ച് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ലൈഫ് സ്‌റ്റൈല്‍ ഓഫ്-റോഡര്‍ എന്ന പേരില്‍ പുറത്തിറങ്ങിയ ജിംനിയുടെ വരവ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയത് മഹീന്ദ്രയുടെ ഥാറിന് തന്നെയാണ്. നിലവില്‍ 3-ഡോര്‍ പതിപ്പില്‍ പുറത്തിറങ്ങുന്ന ഥാറിന് മാറ്റങ്ങള്‍ അനിവാര്യമായിരിക്കുകയാണ്. ഇപ്പോള്‍ ജിംനിയില്‍ നിന്ന് ഉയരുന്ന വെല്ലുവിളിയെ നേരിടണമെങ്കില്‍ ഥാറിന് 5-ഡോര്‍ പതിപ്പ് കൂടിയേ തീരൂ എന്ന് മഹീന്ദ്ര തിരിച്ചറിഞ്ഞു കഴിഞ്ഞു. ഥാറിന്റെ 5-ഡോര്‍ പതിപ്പ് ഉടൻ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര. നിലവിലുള്ള ഥാറിലെ അതേ എഞ്ചിൻ തന്നെയാകും 5-ഡോര്‍ പതിപ്പിലും ഉണ്ടാകുക. വീല്‍ബേസില്‍ മാറ്റങ്ങള്‍ വരുത്താനും സാധ്യതയുണ്ട്.

