കൊച്ചി: യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ച അവതാരകനെതിരെ പൊലീസ് കേസെടുത്തു. പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് പാലാക്കാരന് എന്ന സൂരജ് വി സുകുമാറിനെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
നേരത്തെ ക്രൈം ഓണ്‍ലൈന്‍ മാനേജിംഗ് ഡയറക്ടര്‍ ടി.പി നന്ദകുമാറിനെതിരേ പരാതി നല്കിയ അടിമാലി സ്വദേശിനിയുടെ പരാതിയില്‍ തന്നെയാണ് സൂരജ് പാലാക്കാരനെതിരേയും കേസെടുത്തിരിക്കുന്നത്. ടി.പി നന്ദകുമാറിനെതിരേ പരാതി നല്കിയ ഈ യുവതിയെക്കുറിച്ച് സൂരജ് മോശമായി വീഡിയോ ചിത്രീകരിച്ചുവെന്നാണ് പരാതി.
സ്ത്രീത്വത്തെ അപമാനിച്ചതിന് പുറമേ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും സൂരജിനെതിരെ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സൂരജ് ഇപ്പോള്‍ ഒളിവിലാണ്.
വനിതാ നേതാവിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നന്ദകുമാറിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും വിസമ്മതിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. പരാതിക്കാരിക്കും സഹപ്രവര്‍ത്തകനായിരുന്ന യുവാവിനുമെതിരെ നന്ദകുമാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണത്തിനിടെയാണ് പൊലീസ് യുവതിയുടെ പരാതിയില്‍ നടപടിയെടുത്തത്.

