താനെ: അനധികൃതമായി താമസിക്കുന്നെന്ന് ആരോപിച്ച് 18 ബംഗ്ലാദേശുകാരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് 10 സ്ത്രീകളുള്‍പ്പെടെ 18 പേരെ അറസ്റ്റ് ചെയ്തത്.
മുംബൈയിലെ ഗാന്‍സോലി പ്രദേശത്തെ കെട്ടിടത്തില്‍ ബംഗ്ലാദേശി പൗരന്മാരുണ്ടെന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രാത്രി റെയ്ഡ് നടത്തുകയായിരുന്നു.
വിസയും പാസ്പോര്‍ട്ടും അടക്കം രേഖകളില്ലാതെ ഒരു വര്‍ഷമായി താമസിക്കുന്ന പത്ത് സ്ത്രീകളെയും എട്ട് പുരുഷന്മാരെയുമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 1946ലെ ഫോറിനേഴ്സ് ആക്ട് പ്രകാരവും 1950 ലെ പാസ്പോര്‍ട്ട് നിയമ പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

