ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടിയത് നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ.
കെ.വി. വിശ്വനാഥന് ബോധിപ്പിച്ചു. ഇ.ഡി ഡയറക്ടറുടെ കാലാവധി അഞ്ചു വര്‍ഷത്തേക്ക് നീട്ടാനായി 2003ലെ കേന്ദ്ര വിജിലന്‍സ് കമീഷന് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 2021ല്‍ കൊണ്ടുവന്ന നിയമഭേദഗതിയും നിയമവിരുദ്ധമാണെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി.
പ്രതിപക്ഷത്തിനെതിരെ ഇ.ഡിയെ ഉപയോഗിക്കുന്നുവെന്ന ആക്ഷേപത്തിനിടയില്‍ മോദി സര്‍ക്കാര്‍ ഇ.ഡി ഡയറക്ടറുടെ കാലാവധി വീണ്ടും നീട്ടിയതിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ 2022 സെപ്റ്റംബറില്‍ പരിഗണിച്ച മുന്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത് ആണ് വിശ്വനാഥനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്.
വിനീത് നാരായണ്‍, പ്രകാശ് സിങ്, കോമണ്‍ കോസ് കേസുകളിലെ സുപ്രീംകോടതി വിധികള്‍ പ്രകാരം കാലാവധി നീട്ടിയതും അതിനായി ഭേദഗതി കൊണ്ടുവന്നതും നിയമവിരുദ്ധമാണെന്ന് അമിക്കസ് ചൂണ്ടിക്കാട്ടി. മിശ്രക്ക് ഇനിയും കാലാവധി നീട്ടിനല്‍കരുതെന്ന് 2021ലെ കോമണ്‍കോസ് കേസില്‍ സുപ്രീംകോടതിതന്നെ വിധിച്ചതാണ്.
അസാധാരണ സാഹചര്യം മാത്രമേ ഈ വിധിക്ക് അപവാദമാകാവൂ എന്ന് ആ വിധിയില്‍ പ്രത്യേകം കോടതി പറഞ്ഞിരുന്നു. ഭരണകൂടത്തിന്റെ സ്വാധീനത്തില്‍നിന്ന് ഇ.ഡിയെ സംരക്ഷിച്ചുനിര്ത്തണമെന്ന കാഴ്ചപ്പാടോടെ സുപ്രീംകോടതി വിഷയത്തെ സമീപിക്കണം.
കാലാവധി നീട്ടുന്നത് ‘പൊതുതാല്പര്യം’ മുന്‍ നിര്‍ത്തി എന്നുപറയുന്നത് വ്യര്‍ഥമാണെന്ന് മദ്രാസ് ഹൈകോടതി വിധിയില്‍ പറഞ്ഞിട്ടുള്ളതും വിശ്വനാഥന് ഓര്‍മിപ്പിച്ചു.
അമിക്കസിന് അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ നിരത്താന്‍ സമയം അനുവദിക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകരായ അഭിഷേക് മനു സിങ്വിയും ഗോപാല്‍ ശങ്കരനാരായണനും ആവശ്യപ്പെട്ടപ്പോള്‍ ഹരജിക്കാര്‍ക്ക് ഈ കേസ് നല്‍കാനുള്ള അധികാരമില്ലെന്നും അത് തീരുമാനിച്ചിട്ട് അമിക്കസ് ക്യുറിക്ക് അവസരം നല്കിയാല് മതിയെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്ര സര്‍ക്കാറിനുവേണ്ടി വാദിച്ചു.

